തച്ചന്പാറ: ദേശീയ പാതയിൽ തച്ചന്പാറയിലെ തകർന്ന് കിടന്ന ഭാഗത്ത് കുഴിയടക്കൽ പ്രവർത്തികൾ ആരംഭിച്ചു. ഇടക്കുർശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് കിടക്കുന്ന സ്ഥിതിയിൽ പ്രതിഷേധിച്ച് തച്ചന്പാറ വികസന വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത് വന്നിരുന്നു.
ഇതിനെ തുടർന്നാണ് ഇന്നലെ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.മുള്ളത്തുപാറ വളവിലാണ് കുഴിയടക്കൽ ആരംഭിച്ചത്.തച്ചന്പാറ വികസന വേദി യും നാടുകാരും സമരത്തിനിറങ്ങാൻ ഇരിക്കെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. ദേശീയപാതയിൽ ഇടക്കുറുശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞു പോയിരുന്നു. ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്. ഒരാഴ്ചയ്ക്കുള്ളിൽ കുഴികളിൽ വീണ് 6 ഇരുചക്രവാഹനയാത്രക്കാർക്കാണ് പരിക്കേറ്റത്.