തിരുവനന്തപുരം: എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലയാണ് കെഎസ്ആര്‍ടിസിയുടെ കാര്യമെന്നു പറയാറുണ്ട്. ഭരണം മാറിമാറി വന്നാലും കെഎസ്ആര്‍ടിസി പഴയ കെഎസ്ആര്‍ടിസി തന്നെ എന്നാണ് പൊതുവെയുള്ള പറച്ചില്‍.
എം.ജി രാജമാണിക്യത്തിന്റെ വരവോടെയാണ് അതിന് അല്‍പം മാറ്റമുണ്ടായത്. രാജമാണിക്യത്തെ തെറിപ്പിച്ചതോടെ ജനങ്ങളുടെ ആ പ്രതീക്ഷയും വൃഥാവിലായി. രാജമാണിക്യത്തിന് പകരക്കാരനായി നിയമിച്ചതാവട്ടെ ആരോപണങ്ങള്‍ ഏറെയുള്ള ടോമിന്‍ ജെ തച്ചങ്കരിയെയും.
എന്നാല്‍ ചുമതലയേറ്റതിന്റെ ആദ്യ ദിവസം തന്നെ വിപ്ലവകരമായ നീക്കവുമായി തച്ചങ്കരി കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കോര്‍പ്പറേഷനെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങി തച്ചങ്കരി പ്രഥമ പരിഗണന കൊടുക്കുന്നത് കോര്‍പ്പറേഷന് കീഴിലുള്ള ബസുകള്‍ യഥാസമയം സര്‍വീസ് നടത്തുക എന്ന് ഉറപ്പാക്കുന്നതിനാണ്. പ്രത്യേകിച്ചും സൂപ്പര്‍ എക്‌സ്പ്രസ്, ഫാസ്റ്റ് ഗണത്തില്‍ പെടുന്ന ബസുകള്‍. കെഎസ്ആര്‍ടിസിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സായ ഇത്തരം ബസുകളില്‍ എല്ലായ്‌പ്പോഴും തിരക്കു തന്നെയാണ്.
അടുത്തിടെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലായാല്‍ അത് ഈ സര്‍വീസുകളെ ബാധിക്കും. അതുകൊണ്ട് തന്നെ വിധിയെ മറികടന്ന് എങ്ങനെ സര്‍വീസ് നഷ്ടമില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമെന്ന ആലോചനയിലാണ് തച്ചങ്കരി.
ആവശ്യത്തിലേറെ ജീവനക്കാര്‍ കോര്‍പ്പറേഷനില്‍ ഉണ്ടെങ്കിലും കൃത്യസമത്ത് ബസ് ഓടുന്നതില്‍ ഇപ്പോഴും വീഴ്ച്ച പതിവാണ്. അത് പരിഹരാക്കാനുള്ള ശ്രമങ്ങളും തച്ചങ്കരി തുടങ്ങിക്കഴിഞ്ഞു. എംഡിയായി ചുതമലയേറ്റ ഉടന്‍ തന്നെ അദ്ദേഹം കൈക്കൊണ്ട തീരുമാനം സ്പെയര്‍ പാര്‍ട്സിന്റെ കുറവു കൊണ്ട് ബസുകള്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാനാണ്. അതിനായി മൂന്നര കോടി രൂപ സ്പെയര്‍ പാര്‍ട്സ് വാങ്ങാന്‍ നീക്കിവെച്ചു.
സൂപ്പര്‍ഫാസ്റ്റ് കാറ്റഗറിയിലുള്ള ബസുകള്‍ക്കായാണ് സ്പെയര്‍പാര്‍ട്സുകള്‍ അടിയന്തരമായി വാങ്ങുന്നത്. ഷെഡ്ഡില്‍ കിടക്കുന്ന വണ്ടികള്‍ ആദ്യം നിരത്തിലിറക്കുന്നതോടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഒരു കുഴപ്പവും ഇല്ലായിരുന്നിട്ടും കഴിഞ്ഞ ദിവസം ഇരുനൂറോളം ബസുകള്‍ സര്‍വീസ് മുടക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കി. സര്‍വീസുകള്‍ ഏകോപിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ വീഴ്ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ബോധ്യമായിട്ടുണ്ട്.
ഈ അപാകത പരിഹരിക്കാന്‍ ജീവനക്കാരെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങാനാണ് എംഡിയുടെ തീരുമാനം. സൂപ്പര്‍ഫാസ്റ്റ് – ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മുടങ്ങാതിരിക്കാനാണ് അദ്ദേഹം പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായി പരിഷ്‌ക്കരണങ്ങളും കൊണ്ടുവരും.
സ്പെയര്‍ പാട്സുകളുടെ അപര്യാപ്തത നേരിട്ട് മനസിലാക്കാന്‍ വേണ്ടി കെഎസ്ആര്‍ടിസിയുടെ സെന്റര്‍ വര്‍ക്ക്ഷോപ്പും എംഡി സന്ദര്‍ശിക്കും. കെടുകാര്യസ്ഥത ഒന്നു കൊണ്ട് മാത്രമാണ് കോര്‍പ്പറേഷന് ഈ ഗതി വന്നിരിക്കുന്നത്.
ആദ്യം കോര്‍പ്പറേഷനെ പഠിച്ച് കാര്യങ്ങള്‍ നീക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.കെഎസ്ആര്‍ടിസിയുടെ വരുമാനം 10% വര്‍ധിപ്പിക്കുന്നതിനു സര്‍വീസുകള്‍ ക്രമീകരിക്കാനാണ് ഡിപ്പോതല ഉദ്യോഗസ്ഥര്‍ക്കു തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയത്. തിങ്കളാഴ്ച മുതല്‍ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിക്കണം. അതിവേഗം തന്നെ റൂട്ട് ക്രമീകരണം നടപ്പാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.
ഒരേ റൂട്ടിലേക്കുള്ള ബസുകളുടെ സമയ ക്രമീകരണം പുതുക്കും. ഇതിലൂടെ കൂടുതല്‍ വരുമാനം കെ എസ് ആര്‍ ടി സിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ദിവസം ശരാശരി ആറരക്കോടി രൂപയാണ് ഇപ്പോഴത്തെ വരുമാനം. ഇചത് ഏഴരയിലേക്ക് ഉയര്‍ത്താനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനൊപ്പം ചെലവ് ചുരുക്കലിലൂടെ ലാഭം കൂട്ടാനാണ് നീക്കം.
ദിവസവും ഓരോ ബസും ഒരു ലീറ്റര്‍ ഡീസലെങ്കിലും ലാഭിക്കണമെന്ന മറ്റൊരു നിര്‍ദേശവും അദ്ദേഹം നല്‍കി കഴിഞ്ഞു. ചെറിയ ന്യൂനതകള്‍ ഉണ്ടെങ്കില്‍ പോലും അത് പരിഹരിക്കാതെ ട്രിപ്പ് മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ചെറിയ പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് തച്ചങ്കരിയുടെ തീരുമാനം. ഒരു ബസ് ഒരുവര്‍ഷമുണ്ടാക്കുന്ന നഷ്ടം വലതുതാണ്.
ഈ നഷ്ടത്തിന്റെ തോത് കുറച്ചു കൊണ്ടുവന്നാല്‍ മാത്രമേ, കോര്‍പ്പറേഷന് രക്ഷയുള്ളൂ. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നത് ഇവിടുത്തെ തൊഴിലാളികളും യൂണിയന്‍കാരുമാണെന്ന ധാരണ മാറ്റിയെടുത്ത് അവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാനാണ് നീക്കം. തച്ചങ്കരിയുടെ പുതിയ നീക്കം ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.