തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്താന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ നടപടികള്‍ തുടരുന്നു. സിപിഎം സഹായത്തോടെ കോര്‍പ്പറേഷനില്‍ കടിച്ചു തൂങ്ങി ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഇക്കുറി പണി കിട്ടിയത്.
നേരിട്ടു കരാര്‍ നല്‍കിയതു വഴി യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവര്‍ നുഴഞ്ഞു കയറിയത്. ഇവരെ ഒഴിവാക്കിയതോടെ ചില സിപിഎം നേതാക്കളുടെയും നോട്ടപ്പുള്ളിയായി തച്ചങ്കരി മാറിയിട്ടുണ്ട്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷന്‍ 3.25 രൂപയായി ചെലവ് കുറഞ്ഞു.
കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാര്‍പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി. നല്‍കേണ്ടിയിരുന്നത്. കെല്‍ട്രോണ്‍ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മറിച്ച നല്‍കുകയായിരുന്നു ഇതുവരെ. ഇത് കോര്‍പ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു.
എന്നാല്‍ രാജമാണിക്യം എംഡിയായിരുന്നപ്പോള്‍ ടിക്കറ്റിന് എട്ടു രൂപ നിരക്കിലായിരുന്നു കമ്മീഷന്‍. കരാറില്‍ 15.50 രൂപ പറയുന്നെങ്കിലും ഒന്നരവര്‍ഷമായി എട്ടുരൂപയാണ് നല്‍കുന്നത്. ഇടപാടിലെ നഷ്ടം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി. എം.ഡി. ടോമിന്‍ തച്ചങ്കരി കെല്‍ട്രോണുമായുള്ള കരാര്‍ റദ്ദാക്കുകയായിരുന്നു.
ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോണ്‍ ഈ കരാര്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്കും അവര്‍ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നല്‍കി.
നേരിട്ടു കരാര്‍ നല്‍കാമായിരുന്നെങ്കിലും ഇടനിലക്കാരെ ആശ്രയിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ഇടപാടിലൂടെ കോടികളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റുപല കോര്‍പ്പറേഷനുകളും ഓണ്‍ലൈന്‍ സൗകര്യം നേടുന്നതായി ടോമിന്‍ തച്ചങ്കരി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ നിന്ന് കെല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി കത്തു നല്‍കിയിട്ടുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കു വേണ്ടി സിപിഎം നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചില ഇടപെടല്‍ ഉണ്ടായെങ്കിലും കെഎസ്ആര്‍ടിസിക്ക് ഗുണകരമാകുമെങ്കില്‍ അത് സൗകര്യപ്രദമെന്ന നിലപാടിലായരുന്നു പിണറായി വിജയന്‍. ഇതോടെയാണ് തച്ചങ്കരിയുടെ ശക്തമായ നടപടി ഉണ്ടായതും.
കെഎസ്ആര്‍ടിസി ബസ് ബുക്കിംഗിലും തച്ചങ്കരി ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.ടിക്കറ്റുകള്‍ ഇനി മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലുംലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.
റെഡ് ബസുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കൂറായി അവര്‍ക്ക് റീച്ചാര്‍ജ്ജ് വൗച്ചര്‍ നല്‍കുന്നത് വഴി കെഎസ്ആര്‍ടിസിക്ക് പണം സ്വരൂപിക്കാന്‍ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് 4.5 ശതമാനം സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും. നിലവില്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ ഒരു ടിക്കറ്റിന് 20 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്.
എന്നാല്‍, ഇതില്‍ 5.50 രൂപ മാത്രമാണ് മറ്റു തുക വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്ത കെല്‍ട്രോണിനാണ് ലഭിക്കുന്ന്. കെട്രോണ്‍ട്രോണില്‍ നിന്നും ഊരാളുങ്കല്‍ സൊസൈറ്റി ഉപകരാര്‍ എടുക്കുകയും റേഡിയന്റ് എന്ന കമ്പനിയെ ഏല്‍പ്പിക്കുകുമാണ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് വ്യാപകമായതോടെ കെല്‍ട്രോണുമായുള്ള കരാര്‍ കോര്‍പ്പറേഷന് വലിയ നഷ്ടമാണ് സമ്മാനിച്ചിരുന്നത്.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ സഹായിക്കുമെന്നു കരുതി തുടങ്ങിയ ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ നിന്നും വെറും തുച്ഛമായ വരുമാനം മാത്രമായിരുന്നു കെഎസ്ആര്‍ടിസിക്ക് ലഭിച്ചു കൊണ്ടിരുന്നത്. അതിനാല്‍ തന്നെ സ്വന്തം നിലയ്ക്ക് വെബ്സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആര്‍ടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു.
പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെല്‍ട്രോണിന് കരാര്‍ നല്‍കിയത്. പിന്നീട് അവര്‍ അത് മറ്റൊരു ഏജന്‍സിക്ക് നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ റിസര്‍വേഷന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.
ഈ സാഹചര്യത്തില്‍ കൂടിയാണ് മറ്റ് യാത്രാ ടിക്കറ്റ് ബുക്കിങ് ഏജന്‍സികളുമായി കോര്‍പ്പറേഷന്‍ കൈകോര്‍ക്കുന്നത്. റെഡ്ബസുമായി കൈകോര്‍ക്കുന്നത് കെഎസ്ആര്‍ടിസിയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.