വിപ്ലവകരമായ തീരുമാനവുമായി തച്ചങ്കരി വീണ്ടും; ഇന്ധന വില ബാധിക്കാത്ത ഇലക്ട്രിക് ബസുകളിലേക്ക് കൂടുമാറാന്‍ ആലോചന; വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ബസുകള്‍ വാടകയ്ക്ക് എടുക്കും…


തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപ്ലവകരമായ തീരുമാനവുമായി ടോമിന്‍ തച്ചങ്കരി. ഇന്ധനവില കൂടുന്നത് ബാധിക്കാത്ത ഇലക്ട്രിക് ബസിലേക്ക് കൂടുമാറാനാണ് പുതിയ നീക്കം.

വാങ്ങാന്‍ പണമില്ലാത്തതിനാല്‍ വാടകയ്ക്ക് ബസ് ഓടിക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. വെറ്റ് ലീസ് മാതൃകയിലുളള കരാറാണ് ഇതിനായി ആലോചനയിലുളളതെന്നാണ് വിവരം.

കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്ആര്‍ടിസി നല്‍കും. ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും ഉള്‍പ്പെടെയുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്പനി വഹിക്കുന്ന രീതിയിലാണ് പദ്ധതി രൂപരേഖ.

വിശദമായ പദ്ധതി രേഖയും ടെണ്ടറും തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിനോട് ആവശ്യപ്പെടും. ഇലക്ട്രിക് ബസുകള്‍ക്ക് ഒന്നരക്കോടിയ്ക്കു മേല്‍പ്പോട്ടാണ് വില.

ഈ തുകയ്ക്ക് ബസ് വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ സാധിക്കാത്തതിനാലാണ് വാടകയ്ക്ക് ഓടിക്കുന്ന കാര്യം ആലോചിച്ചത്. തെലുങ്കാന, ഹിമാചല്‍ പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കിലോമീറ്ററിന് 43.8 രൂപ വാടകയില്‍ ചൈനീസ് കമ്പനിയായ ബിവൈഡിയാണ് കര്‍ണാടകയില്‍ ഇ-ബസുകള്‍ നിരത്തിലിറക്കിയത്.

വാടകയും വൈദ്യുതിയും കണ്ടക്ടറുടെ ചിലവും കൂടിയാലും ഈ പദ്ധതി കര്‍ണ്ണാടക കോര്‍പ്പറേഷന് ലാഭമാണ്. ഇതിനെ പിന്‍പറ്റിയാണ് കെഎസ്ആര്‍ടിസിയും ഇ-ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Related posts