ഒടുവില്‍ മന്ത്രി ജയിച്ചു. തച്ചങ്കരി പുറത്തും. വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന് തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ തീരുമാനം. അതേസമയം, തച്ചങ്കരിയുടെ പുതിയ ചുമതല സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള അഭിപ്രായഭിന്നതായാണ് തച്ചങ്കരിയുടെ പുറത്താകലിനു വഴിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയനു താല്പര്യമുണ്ടായിരുന്നെ്ങ്കിലും എന്‍സിപിയുടെ കടുംപിടുത്തമാണ് തച്ചങ്കരിക്കു സ്ഥാനനഷ്ടമുണ്ടാക്കിയത്.
ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് തച്ചങ്കരി വാളയാര്‍ ചെക്ക്പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തിയിരുന്നു. കൃത്യവിലോപം നടത്തിയ അഞ്ച് ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തിരുന്നു. ചെക്ക്പോസ്റ്റിലെ ജീവനക്കാരായ അബ്ദുള്‍ ബാരി, സഫര്‍ ഇഖ്ബാല്‍, സാബു ജോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ശ്രീകുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ യു. സുനില്‍കുമാര്‍ എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു.
അര്‍ധരാത്രിയാണ് ടോമിന് തച്ചങ്കരി വാളയാര്‍ ചെക്ക്പോസ്റ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പാലക്കാട് ഭാഗത്തേക്കു വന്ന വാഹ നങ്ങളാണ് പരിശോധന നടത്തിയത്. മൂന്നു ലക്ഷം രൂപയുടെ നികുതി വെട്ടിച്ചുവന്ന വാഹനങ്ങള്‍ കമ്മീഷണര്‍ അരമണിക്കൂര്‍ കൊണ്ട് പിടികൂടി. കൈക്കൂലി വാങ്ങി ചെക്പോസ്റ്റില്‍ പരിശോധനയില്ലാതെ വാഹനങ്ങള്‍ കടത്തിവിടുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി. പുറത്താകുംമുമ്പ് എടുത്ത അവസാന നടപടിയും ഇതുതന്നെ.