കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പരിഗണിച്ച് ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണം! പാല്‍, പത്രം, ആശുപത്രി എന്നിവയുടെ കൂട്ടത്തില്‍ കെഎസ്ആര്‍ടിസിയെയും ഉള്‍പ്പെടുത്തണം; അഭ്യര്‍ത്ഥനയുമായി എംഡി ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പുതിയ നയങ്ങളുമായി എംഡി ടോമിന്‍ തച്ചങ്കരി. കെഎസ്ആര്‍ടിസിയെ അവശ്യ സര്‍വീസായി പരിഗണിച്ച് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് തച്ചങ്കരി എത്തിയിരിക്കുന്നത്.

നഷ്ടത്തില്‍ കുടുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസിയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഷ്ട്രീയ കക്ഷികളോടും സംഘടനകളോടുമാണ് എംഡി അഭ്യര്‍ത്ഥിച്ചത്. പ്രാദേശിക തലത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനു പുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ നഷ്ടവും കോര്‍പറേഷനു താങ്ങാവുന്നതിലപ്പുറമാണെന്ന് തച്ചങ്കരി ചൂണ്ടിക്കാട്ടി.

അതിനാല്‍ ആശുപത്രി, പത്രം, പാല്‍ എന്നീ അവശ്യ സര്‍വീസിനൊപ്പം കെഎസ്ആര്‍ടിസിയേയും ഉള്‍പ്പെടുത്തണമെന്നാണ് തച്ചങ്കരി ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യതയും കോര്‍പറേഷനുണ്ടെന്നും എംഡി വ്യക്തമാക്കി.

Related posts