തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്നതിനായി വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. രാജ്യത്ത് പട്ടികജാതി- പട്ടികവർഗങ്ങളിൽപ്പെട്ടവർക്ക് സംവരണം പത്തുവർഷത്തേക്ക് നീട്ടാനുള്ള പ്രമേയമാണ് മുഖ്യമന്ത്രി ആദ്യം അവതരിപ്പിച്ചത്.
സാമൂഹ്യ സ്ഥിതിയിൽ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ജാതി വ്യവസ്ഥയുടെ ജീർണത പലതട്ടുകളിലും നിലനിൽക്കുന്നുണ്ട്. പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് സാമൂഹ്യ-സാന്പത്തിക നീതി എല്ലാ തലങ്ങളിലും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം ഭരണഘടനാ വിരുദ്ധമാണ്. നിയമം പ്രവാസികൾക്കിടയിലും ആശങ്ക ഉളവാക്കുന്നതാണ്. പൗരത്വ നിയമം മൗലികാവകാശത്തിന് എതിരാണ്. അതുകൊണ്ട് ഇതു റദ്ദാക്കണം.
മതേരത്വത്തെ തകർക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോജിച്ച് നിൽക്കുന്നതിനിടയിലും ചില എതിർപ്പുകൾ ഉണ്ടാകുന്നത് ശരിയല്ലെന്ന് പ്രതിപക്ഷത്തിന് നേരെ ഒളിയന്പ് എയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ 9 മണിയോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചത്. പ്രത്യേക സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ തുടക്കത്തിൽ പറഞ്ഞു. പട്ടികജാതി-പട്ടികവർഗ സംവരണം നീട്ടാനുള്ള പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ മുഖ്യമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെ എതിർപ്പുമായി ബിജെപി അംഗം ഒ രാജഗോപാൽ രംഗത്ത് വന്നു. പാർലമെന്റ്പാസാക്കിയ നിയമത്തെ എതിർക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് രാജഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി.