
അമ്പലപ്പുഴ: 30 വർഷത്തിനു ശേഷം പൊൻകതിരണിഞ്ഞ തടത്തിൽപാടത്ത് കൊയ്ത്തുത്സവവും വിളവെടുപ്പും. കോവിഡ് 19 ന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ ആയതിനാൽ സാമൂഹിക അകലം പാലിച്ചുള്ള വിളവെടുപ്പിനു കൊയ്ത്തുപാട്ടിന്റെ സംഗീതവും നാടൻ കലാപരിപാടികളും ഒഴിവാക്കി.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ 30 വർഷത്തോളമായി തരിശുകിടന്ന തടത്തിൽ പാടത്ത് നൂറു ദിവസം മുമ്പ് വിത നടത്തിയപ്പോൾ അത് കർഷകർക്കും നാട്ടുകാർക്കും ഉത്സവമായിരുന്നു. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പത്തേക്കറിലാണ് കൃഷിയിറക്കിയത്.
എൽഎസ്ജിഡി 2.5 ലക്ഷവും, പഞ്ചായത്ത് പദ്ധതി വിഹിതവും വിനിയോഗിച്ചാണ് നിലമൊരുക്കി. തൊഴിലുറപ്പുതൊഴിലാളികൾ പുറംബണ്ടു ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് തോടിന് ആഴവും കൂട്ടിയതോടെ കൃഷിയാവശ്യത്തിനുള്ള വെള്ളവുമെത്തിച്ചു.
പാടശേഖരത്ത് മോട്ടോർ ഘടിപ്പിച്ച് വൈദ്യുതി ലഭ്യമാക്കാൻ 13 പോസ്റ്റുകൾ സ്ഥാപിച്ചു. ഇവയിൽ വഴിവിളക്കുകളും ഘടിപ്പിച്ചതോടെ പതിറ്റാണ്ടുകളായി കാടു പിടിച്ച് വിഷപ്പാമ്പുകളുടെ ആവാസകേന്ദ്രമായ പാടവരമ്പിലൂടെ നാട്ടുകാർ സഞ്ചരവും തുടങ്ങി.
കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പു തൊഴിലാളിക്കും ചേർന്ന് വിവിധ കലാപരിപാടി കൊണ്ട് സമ്പുഷ്ടമാക്കിയ വിത ഉത്സവം കർഷകരും നാട്ടുകാരും ചേർന്ന് ആഘോഷമാക്കുകയായിരുന്നു. പാടത്തിന്റെ പുറം വരമ്പുകളിൽ പച്ചക്കറി കൃഷിയും ആരംഭിച്ചതോടെ ഇവിടം ഹരിതാഭമായി.
തരിശു ഭൂമി കൃഷിയോഗ്യമാക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് കൃഷിയിറക്കിയ പാടത്ത് നൂറുമേനി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. മുഴുവൻ പാടശേഖരങ്ങളിലേയും വിളവെടുപ്പിന്റെ ചുമതല മന്ത്രിമാരാണ് വഹിക്കുന്നതെന്നും സിവിൽ സപ്ലൈസ് കാര്യക്ഷമമായ സംഭരണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്തംഗം ആർ. രജിമോൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കൃഷി ഓഫീസർ ബി. ജഗന്നാഥൻ, പാടശേഖര സമിതി ഭാരവാഹികളായ സി.വി. ഉണ്ണി, സെക്രട്ടറി അബ്ദുൾ റസാക്ക്, ജഗദീശൻ, പി.ജി. സൈറസ്, വി.കെ. ബൈജു, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.