മുക്കം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കാരശേരി പഞ്ചായത്തിലെ കല്പ്പൂര് ചെറുപുഴയില്‍ നിര്‍മിച്ച തടയണ പൊളിഞ്ഞു. വെള്ളിയാഴ്ച രാവിലെ നിര്‍മിച്ച തടയണയാണ് വൈകുന്നേരത്തോടെ പൊളിഞ്ഞത്. അശാസ്ത്രീയമായ നിര്‍മാണമാണ് തടയണ പൊളിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
സാധാരണ നിലയില്‍ ചാക്കുകളില്‍ മണല്‍ നിറച്ചാണ് തടയണകള്‍ നിര്‍മിക്കുന്നത്. എന്നാല്‍ ചെറുപുഴയില്‍ നിര്‍മിച്ച തടയണകളില്‍ മണ്ണാണ് നിറച്ചിരുന്നത്. മണ്ണ് നനഞ്ഞതോടെ ഭാരം വർധിച്ച് അട്ടിക്കിട്ട ചാക്കുകള്‍ മറിഞ്ഞ് വീഴുകയായിരുന്നു.
ഹരിത കേരളം മിഷന് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മിക്കുന്ന 400 ചെറുകിട തടയണകളുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി മാത്യു ടി. തോമസാണ് നിര്‍വഹിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളണ്ടിയർമാരുടെയും സന്നദ്ധ സംഘടനകളിലെ പ്രവർത്തകരുടെയും സഹായത്തോടെയാണ് തടയണ നിർമിച്ചത്. പുഴയില്‍ നീരൊഴുക്ക് വളരെ കുറവായിട്ട് കൂടി തടയണകള്‍ പൊളിഞ്ഞതിനെതിരേ നാട്ടുകാരും രംഗത്തെത്തി.