ചിറ്റൂർ: വാട്ടർ അഥോറിറ്റിക്കു കീഴിലുള്ള പുഴപ്പാലം പന്പുഹൗസിനോടു ചേർന്ന തടയണയിൽ പാഴ്ചെടികൾ ചീഞ്ഞ് വെള്ളത്തിനു ദുർഗന്ധം രൂക്ഷം. പുഴപ്പാലംമുതൽ പാറക്കളം നിലന്പതിപ്പാലംവരെ അരകിലോമീറ്റർ ദൂരത്തിലാണ് തടയണയിൽ വെള്ളം ശേഖരിക്കുന്നത്. തടയണയുടെ മേൽഭാഗത്ത് ചെടിത്തൂപ്പുകൾ നിറഞ്ഞ് രണ്ടാഴ്ചമുന്പ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു.
കഴിഞ്ഞമാസം ചിറ്റൂർ-തത്തമംഗലം നഗരസഭ പുഴ സംരക്ഷണനടപടി സ്വീകരിച്ച് പുഴയ്ക്ക് ഇരുവശത്തെ പാഴ്ചെടികൾ നീക്കം ചെയ്തിരുന്നു.എന്നാൽ കുടിവെള്ള തടയണയിൽ അടിഞ്ഞുകൂടിയ പാഴ്ചെടികൾ നീക്കം ചെയ്തിരുന്നില്ല. മതിയായ ശുചീകരണമില്ലാത്തതിനാൽ കഴിഞ്ഞവർഷം മേയിൽ കുടിവെള്ളവിതരണം അഥോറിറ്റി ഒരാഴ്ചയോളം നിർത്തിവച്ചിരുന്നു.
ജനങ്ങളുടെ പരാതിയെ തുടർന്ന് അന്നത്തെ ജില്ലാ കളക്ടർ ചിറ്റൂർപുഴ തടയണ പ്രദേശത്തെ ജലവിതരണം നിർത്തിവയ്ക്കാനും തടയണയിലെ വെള്ളം ഒഴുക്കികളയാനും നിർദേശം നല്കിയിരുന്നു. പിന്നീട് കുന്ദംകാട്ടുപതിയിൽനിന്നും വെള്ളംവിട്ടാണ് കുടിവെള്ളവിതരണം പുനരാരംഭിച്ചത്.
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചില ഭാഗങ്ങളിലേക്ക് പുതുനഗരം, പെരുവെന്പ്, കൊടുവായൂർ എന്നിവിടങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് പുഴപ്പാലം ജലസംഭരണിയിൽനിന്നാണ്. എത്രയുംവേഗം തടയണയിൽ വ്യാപിച്ച പാഴ്ചെടികൾ ശുചീകരിച്ച് ജലം സംരക്ഷിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.