കൊല്ലം: ശാസ്ത്രീയ പഠനങ്ങൾ നടത്താതെ നിർമിക്കുന്ന തടയണകൾ വെള്ളപ്പൊക്കത്തിന് കാരണമായി മാറുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. തൊടിയൂരിൽ നിർമിച്ച തടയണ മൂന്ന് പഞ്ചായത്ത് നിവാസികളെയാണ് ദുരിതത്തിലാക്കിയത്.
ശൂരനാട് വടക്ക്, തൊടിയൂർ, തഴവാ പഞ്ചായത്തുകളിലെ വിവിധ ദുരിത്വാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഇതേ മേഖലകളിൽ ദുരിതം ഉണ്ടായിരുന്നു.
വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അധികാരികൾ അന്ന് ഉറപ്പ് നൽകിയിരുന്നതുമാണ്.ഉറപ്പുകൾ പാലിക്കപ്പെടാത്തതിനാൽ ദുരിതം വീണ്ടുമാവർത്തിക്കുകയാണ്.ഇനിയെങ്കിലും പാഠം ഉൾക്കൊണ്ട് സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡൻറ് ജി.ഗോപിനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് ജിതിൻ ദേവ്, ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള, ഡി.സുരേഷ്, പ്രദീപ്, അജയൻ വാഴപ്പള്ളി ,രഞ്ജിത്, രാജേഷ് വരവിള എന്നിവർ ഒപ്പമുണ്ടായിരുന്നു.
—