കോട്ടയം: മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്ത് സ്ഥാപിച്ച താൽക്കാലിക തടയണ മുങ്ങി. കഴിഞ്ഞ ദിവസത്തെ മഴയ്ക്കാണ് തടയണയ്ക്കു മുകളിലൂടെ വെളളം ഒഴുകിയത്. പുതുവെള്ളം എത്തിയതോടെ തടയണയ്ക്കപ്പുറത്തു നിന്ന് മീനുകൾ മറു വശത്തേക്ക് ചാടി. ഇതോടെ മീൻ പിടിക്കാനായി നിരവധിയാളുകൾ തടയണയിൽ എത്തി. ഇന്നു രാവിലെയും മീൻ പിടുത്തം തുടരുകയാണ്.
സാധാരണ കനത്ത മഴ പെയ്താലേ തടയണയ്ക്കു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകാറുള്ളു. ഇക്കുറി തടയണയ്ക്ക് ഉയരം കുറവാണെന്ന് പരാതിയുണ്ടായിരുന്നു. അതാണ് ചെറിയ മഴയ്ക്കു തന്നെ വെള്ളം കവിഞ്ഞൊഴുകിയത്. ഇനിയിപ്പോൾ രണ്ടുദിവസത്തിനുള്ളിൽ കാലവർഷം എത്തും. അതിനാൽ ഓരുവെള്ളം കയറുമെന്ന ഭീതി വേണ്ട.
വേന്പനാട്ട് കായലിൽ നിന്നുള്ള ഓരു വെള്ളം കയറി വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിൽ കലരാതിരിക്കാനാണ് മേജർ ഇറിഗേഷൻ വകുപ്പ് എല്ലാ വർഷവും താഴത്തങ്ങാടിയിൽ താൽക്കാലിക തടയണ നിർമിക്കുന്നത്. അതേ സമയം ഇടയ്ക്കാട്ടുപള്ളി കടവിൽ സ്ഥിരമായി തണ്ണീർമുക്കം മോഡലിൽ ഷട്ടർ പാലം നിർമിക്കാനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.
എല്ലാ പരിശോധനകളും പൂർത്തിയാക്കി പാലം ഡിസൈൻ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ട് മാസങ്ങളായി. ഇതുവരെ കടലാസ് ജോലികൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ഷട്ടർ പാലം നിർമിച്ചാൽ ഓരോ വർഷവും താൽക്കാലിക തടയണ നിർമിക്കാൻ ചെലവാക്കുന്ന ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിന് ലാഭം.