മലപ്പുറം: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃ തടയണ പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാർക്ക് സ്ഥലംമാറ്റം. ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ച ഏറനാട് തഹസിൽദാർ പി. ശുഭനെ കോഴിക്കോട്ടേയ്ക്കാണ് സ്ഥലംമാറ്റിയത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തടയണ പൊളിക്കുന്നത്. അൻവറിന്റെ വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത് ഈ തടയണയിൽനിന്നായിരുന്നു.
അൻവറിന്റെ വാട്ടർ തീംപാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്നു മലപ്പുറം കളക്ടർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് പാറയുടെ മുകളിൽ വെള്ളം കെട്ടി നിർമിച്ച പാർക്ക് അപകടമുയർത്തുന്നുണ്ടെന്നു നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് പാർക്കിനകത്തും പരിസരത്തും ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
പാർക്ക് സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ ദുരന്തനിവാരണ അഥോറിറ്റി തയാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് ഇവിടെ തടയണ കെട്ടി നിർത്തിയിരുന്നത്.