കോട്ടയം: താഴത്തങ്ങാടിയിലെ താൽക്കാലിക ബണ്ട് പൊട്ടി വെള്ളം ഒഴുകുന്ന സമയത്തു തന്നെ തണ്ണീർമുക്കം ബണ്ട് തുറന്നത് മീനച്ചിലാറ്റിലെ ഉപ്പിന്റെ അളവ് വർധിക്കാൻ ഇടയാക്കുമെന്ന ആശങ്ക. വാട്ടർ അതോറിറ്റിയുടെ പന്പു ഹൗസുകളിലെ കിണറുകളിൽ ഉപ്പുവെള്ളം കയറാതിരിക്കാനാണ് താഴത്തങ്ങാടിയിൽ താൽക്കാലിക തടയണ നിർമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ തടയണ തകർന്ന് വെള്ളം ഒഴുകി.
ഇനിയുള്ള ദിവസങ്ങളിൽ മഴ തുടർന്നാൽ തടയണ തകർന്നാലും കുഴപ്പമില്ല. പക്ഷേ ഇപ്പോൾ ഏപ്രിൽ പകുതി ആയതേയുള്ളു. ഇനി മെയ് മാസം മുഴുവൻ നല്ല വേനലായിരിക്കും. താഴത്തങ്ങാടിയിലെ തടയണ തകർന്ന നിലയിൽ കിടന്നാൽ ഉപ്പുവെള്ളം മീനച്ചിലാറിന്റെ കിഴക്കൻ ഭാഗത്തേക്ക് കയറും.
ഇതിനിടെ തണ്ണീർമുക്കം ബണ്ട് തുറക്കുകകൂടി ചെയ്തതോടെ ഉപ്പുവെള്ളത്തിന്റെ വരവ് വർധിക്കാനിടയുണ്ട്. വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കിഴക്കോട്ട് കയറുന്നതിനാൽ താഴത്തങ്ങാടിയിലെ തടയണ പ്രയോജന രഹിതമാകും. തടയണയുടെ ഉയരം വർധിപ്പിച്ച് ബലപ്പെടുത്തിയാൽ മാത്രമേ ജലവിതരണ മേഖലയിൽ ഉപ്പുവെള്ളം കയറാതിരിക്കുകയുള്ളു. ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണ പൊട്ടാൻ എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല.
അതേ സമയം കിഴക്കൻ വെള്ളത്തിന്റെ ശക്തമായ തള്ളൽ ഉണ്ടായിരുന്നുവെങ്കിൽ അറുത്തൂട്ടി തോട്ടിലെ താൽക്കാലിക തടയണവും തകരേണ്ടതായിരുന്നു. എന്നാൽ തടയണയുടെ രണ്ടടിയോളം താഴെ വരെ മാത്രമേ മഴവെള്ളം എത്തിയുള്ളു. ഇക്കുറി അറുത്തൂട്ടി തോട്ടിൽ നിർമിച്ച തടയണ ഉയരം കൂട്ടിയാണ് നിർമിച്ചത്. അതുകൊണ്ടാണ് വേനൽ മഴയിൽ തടയണ പൊട്ടാതിരുന്നത്. എന്നാൽ വേനൽ മഴ തുടരുന്നത് അറുത്തൂട്ടി തോട്ടിലെ തടയണയെയും ദോഷകരമായി ബാധിച്ചേക്കും.