തുറവൂർ: തടി കയറ്റി വരുന്ന ലോറികൾ ദുരന്തം വിതക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ദേശിയ പാതയിൽ ചേർത്തല മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിൽ പതിനഞ്ചിലധികം അപകടങ്ങളാണ് തടി ലോറികൾ ഉണ്ടാക്കിയിട്ടുള്ളത്. ബുധനാഴ്ച പുലർച്ചെ ദേശീയ പാതയിൽ പൊന്നാംവെളിക് വടക്ക് പത്മാക്ഷിക്കവലയിലും തടി ലോറി അപകടം ഉണ്ടാക്കിയിരുന്നു.
ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പത്മാക്ഷിക്കവലയിൽ നിർത്തി യാത്രക്കാരെക്കയറ്റുന്പോൾ നിയന്ത്രണം വിട്ട തടി ലോറി ഇടിച്ച് ബസ് യാത്രക്കാരായിരുന്ന ആറു പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ നാലു പേർ ചേർത്തല താലൂക്ക് ആശുപത്രിയിലും രണ്ടു പേർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
മാസങ്ങൾക്ക് മുന്പ് പൊന്നാംവെളി കവലയിലും ഇത്തരത്തിൽ നിർത്തിയിട്ടിരുന്ന കഐസ്ആർടിസി ബസ്സിനു പിന്നിൽ തടി ലോറി ഇടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ആഴ്ചകൾക്ക് മുന്പ് അരൂർ ക്ഷേത്ര കവലയ്ക്ക് സമീപം നിയന്തണം വിട്ട തടി ലോറി റോഡിലെ ഡിവൈഡറിൽ ഇടിച്ചു കയറി മറിയുകയും മണിക്കൂറുകളോളം ഗതാഗതടസം ഉണ്ടാക്കുകയും ചെയ്തു.
ഇത്തരത്തിൽ ആഴ്ചയിൽ ഒരപകടമെങ്കിലും തടി ലോറികൾ ദേശീയ പാതയിൽ ഉണ്ടാക്കാറുണ്ട്. ഭാഗ്യം കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെടുന്നത്.അനുവദനീയമായ അളവിൽ കൂടുതൽ തടി കയറ്റിയാണ് ലോറികൾ ഓടുന്നത്. അനുവദിച്ചിട്ടുള്ള ഭാരത്തിന്റെ രണ്ടും മൂന്നും ഇരട്ടി ഭാരമാണ് ലോറികളിൽ കയറ്റുന്നത്. ഇതു മൂലമാണ് പലപ്പോഴും ഡ്രൈവർമാർക്ക് വണ്ടി നിയന്ത്രിക്കാൻ സാധിക്കാതെ വരുകയും ലോറി അപകടത്തിൽപ്പെടുകയും ചെയ്യുന്നത്.
ദേശിയ പാതയോരത്തെ മാരാരിക്കുളം, ചേർത്തല, പട്ടണക്കാട്, കുത്തിയതോട്, അരൂർ പോലീസ് സ്റ്റേഷനുകളുടെ മുന്നിലൂടെയാണ് ഈ അനധികൃത അപകടയാത്ര എന്നിട്ടും പോലീസ് കണ്ണടക്കുന്നതാണ് ഇത്തരത്തിൽ അപകടം വർദ്ധിക്കുവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കും ഇതു സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും അരോപണമുണ്ട്.
രാത്രിയിലും പുലർച്ചയിലുമാണ് തടി ലോറികൾ കൂടുതലും യാത്ര ചെയ്യുന്നത്. ഈ സമയങ്ങളിൽ ആർടിയോ പരിശോധനയും ഉണ്ടാകാറില്ല. അടിയന്തിരമായി അമിതഭാരം കയറ്റി വരുന്ന ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.