പത്തനംതിട്ട: ശബരിമല തീര്ഥാടനത്തിരക്കില് നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും ടിപ്പറുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. സമയക്രമം പാലിക്കാതെയുള്ള ഇവയുടെ യാത്ര അപകടങ്ങള്‍ക്കും കാരണമാകുന്നു. ശബരിമല റൂട്ടിലുള്‍പ്പെടെ ഇതു പ്രശ്നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. പന്പയിലേക്കുള്ള പ്രധാന പാതകളിലെങ്കിലും ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണാവശ്യം.
തടിലോറികള്‍, ടിപ്പറുകള്‍, മറ്റ് ചരക്ക്് വാഹനങ്ങള്‍ എന്നിവയാണ് ദേശീയ, സംസ്ഥാന പാതകളിലടക്കം മാര്‍ഗതടസം ഉണ്ടാക്കുന്നത്. ഇവയുമായി ബന്ധപ്പെട്ട അപകടങ്ങളും കൂടുതലാണ്. ടിപ്പറുകളാണ് ഇതില്‍ പ്രധാന വില്ലന്‍. ടിപ്പറുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്.
സ്കൂള്‍ സമയത്തെ നിയന്ത്രണവും എടുത്തുമാറ്റി
ടിപ്പറുകള്ക്കടക്കം സ്കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റി.ദേശീയപാത നിയന്ത്രണവുമായി ബന്ധപ്പെട്ട ജോലികളുടെ പേരിലാണ് ഇളവ്. ലോറി, ട്രക്ക് വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ വേഗനിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കി ഓടാമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 30 ടിപ്പര്‍ ലോറികള്‍ക്കാണ് ഗതാഗതനിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.
രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്നു മുതല്‍ 4.30 വരെയും നിരോധിച്ചുകൊണ്ടുളള സമയക്രമീകരണങ്ങളില്‍ നിന്നും 30 ടിപ്പര്‍ ലോറികളെ ഒഴിവാക്കി.ഉത്തരവ് വാഹനങ്ങളില്‍ പതിപ്പിക്കണം. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് സ്കൂള്‍ സമയത്ത് വേഗം കുറയ്ക്കണം തുടങ്ങിയ നിര്‍ദേശങ്ങളോടെയാണ് ഇളവ്. എന്നാല്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു കൂടുതല്‍ ടിപ്പറുകള്‍ നിരത്തുകളിലിറങ്ങും. സ്കൂള്‍ സമയത്ത് വര്‍ഷങ്ങളായി ഇവയ്ക്ക് നിയന്ത്രണമുള്ളതാണ്.
തടിലോറികള്‍
സന്ധ്യ മയങ്ങുന്നതോടെ പ്രധാന നിരത്തുകള്‍ തടിലോറികള്‍ കൈയടക്കുകയാണ്. ശബരിമല പാതയിലടക്കം ഇവയുടെ യാത്ര ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. വളവുകളും കയറ്റവും നിറഞ്ഞ പിഎം റോഡിലൂടെയാണ് തടി ലോറികളുടെ കൂടുതല്‍ യാത്രകളും. രാത്രി പത്തിനു മുമ്പായി ഇവ പ്രധാന പാതയില്‍ സഞ്ചരിക്കുന്നതിനു നിയന്ത്രണങ്ങളുള്ളതാണ്. എന്നാല്‍ ഇതു മറികടന്നാണ് ഇപ്പോഴത്തെ യാത്ര.
റബര്തടികളും മറ്റും അമിതമായി കയറ്റിയാണ് യാത്ര. അപകട സാധ്യത ഉയര്‍ത്തുന്ന തരത്തിലാണ് ലോറിയില്‍ ലോഡ് കയറ്റുന്നത്. പിഎം റോഡില്‍ ഉതിമൂട് വലിയകലുങ്കില്‍ മിക്കപ്പോഴും ലോഡ് തട്ടാറുണ്ട്. ഇതു കാരണം റോഡില്‍ ഗതാഗതവും തടസപ്പെടും. ഗ്രാമീണ റോഡുകളില്‍ ഇവ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ലോഡ് കയറ്റുന്നതും പതിവായിട്ടുണ്ട്. ഗതാഗതനിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള യാത്രയാണ് തടി ലോറികളുടേത്.
സ്കൂൾ സമയത്ത് ടിപ്പർ ലോറികൾക്കുള്ള അനുമതി ഒഴിവാക്കണം
കോന്നി: സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ ഓടാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം കോന്നി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തിൽ വാഹനം ഓടുന്നതുമൂലം റോഡിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്കും പലവിധ അപകട സാധ്യതകളുംഏറെയാണെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, സന്തോഷ് കുമാർ, ഷിബു കോയിക്കലേത്ത്, ജോർജ് മോഡി തുടങ്ങിയവർ പ്രസംഗിച്ചു.