കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തടിയന്റവിട നസീറടക്കം ആറു പേരെ കൊച്ചി സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു.
പ്രതികള്‍ക്കെതിരേ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണു സിബിഐ പ്രത്യേക ജഡ്ജി കെ.കമനീസ് പ്രതികളെ വെറുതെ വിട്ടത്.
1999ല്‍ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നായനാരെ കൊലപ്പെടുത്താന്‍ പ്രതികള്‍ പള്ളിക്കുന്നിലെ ഒരു വീട്ടില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസുകളില്‍ വിചാരണ തടവുകാരനായിരിക്കെ, മദനിയെ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കാനും പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.
കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ഇസ്മയില്‍ എന്നയാള്‍ ഗൂഢാലോചന നടത്തിയായി സമ്മതിച്ചതായും പ്രോസിക്യൂഷന് വാദിച്ചിരുന്നു. കള്ളപ്പണക്കേസില്‍ ഇസ്മയില്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.
കുറ്റാരോപിതര്‍ നിയമവിരുദ്ധമായ പ്രവൃത്തി നടത്തിയതായി പ്രോസിക്യൂഷന് തെളിയിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതികളെ കുറ്റവിമുക്തരാക്കുകയാണെന്നും കോടതി വ്യക്തമാക്കി.