കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കസ്റ്റഡി പ്രതിയെ പിടികൂടാൻ പരക്കംപായുന്പോഴും പ്രതിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതെ പോലീസ്. പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ഉൗർജിത അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്നാണു കരുതുന്നതെന്നും അധികൃതരും വ്യക്തമാക്കുന്നു.
പ്രതി മൊബൈൽ ഫോണ് ഉപയോഗിക്കാത്തത് പോലീസിനു തിരിച്ചടിയാകുന്നുണ്ട്. എങ്കിലും വിവിധ തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സൂചനകൾ ലഭിച്ചതായുമാണ് അധികൃതരിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. ഇതര ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (21) ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം (19) രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കിയിരുന്നു.
എറണാകുളം ബ്രോഡ് വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇരുവരും റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
സ്റ്റേഷനിൽ പാർപ്പിച്ച പ്രതികൾക്ക് രാത്രി ഭക്ഷണവും നൽകി. പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് ഇരുവരെയും കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ, പോലീസിന്റെ പിടിയിലായ മോഷണ പരന്പരയിലെ മൂന്നാംപ്രതി പൊന്നാനി തൃക്കാവ് സ്വദേശി അനീസ് റഹ്മാനെ (21) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തഫ്സീറിനായി പോലീസ് അന്വേഷണം ഉൗജിതമായി തുടരുന്നതിനിടെയാണ് മൂന്നാംപ്രതി അനീസ് പിടിയിലാകുന്നത്.