കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡി പ്രതി സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട സംഭവത്തിൽ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ഊർജിത അന്വേഷണം. ഇതര ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷ് (21) ആണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നും ഇന്നലെ പുലർച്ചെ രക്ഷപ്പെട്ടത്. പ്രതി എറണാകുളം ജില്ല വിട്ടുപോകുവാൻ സാധ്യതയുണ്ടെന്നാണു പോലീസ് നൽകുന്ന വിവരം. എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രതിയെ സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
കൂടാതെ പ്രതിയുടെ ചിത്രം അടക്കം സോഷ്യൽ മീഡിയ വഴിയും പ്രചരണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. തഫ്സീർ ദർവേഷിനെതിരേ കസ്റ്റഡിയിൽനിന്നു ചാടിപ്പോയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം (19) രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കിയിരുന്നു.
എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് ഇരുവരും റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ചയാണു പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സ്റ്റേഷനിൽ പാർപ്പിച്ച പ്രതികൾക്ക് രാത്രി ഭക്ഷണവും നൽകി.
ഇന്നലെ പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരൻറെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് ഇരുവരെയും കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. അതേസമയം, സംഭവം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് വ്യക്തമാക്കി.