കൊല്ലങ്കോട് : ടൗണിനോടു ചേർന്നുള്ള തഹസിൽദാർപ്പാടത്ത് മുപ്പത് കുടുംബങ്ങൾ സഞ്ചാര സൗകര്യമില്ലാതെ ദുരിതം പേറാൻ തുടങ്ങിയിട്ടു നാലു പതിറ്റാണ്ടുകൾ.പ്രധാന പാതയിൽ നിന്നും ഇരുന്നൂറു മീറ്റർ ദൈർഘ്യത്തിൽ വയൽ വരന്പിലൂടെ ഇടവഴിയുണ്ടെങ്കിലും ഇതു സഞ്ചാരയോഗ്യമല്ല.
ഇക്കാരണം കൊണ്ട് തഹസിൽപാടം നിവാസികൾ രണ്ടു കിലോമീറ്റർ ചുറ്റി വേണം പ്രധാന പാതയിലെത്താൻ.സമയോചിതമായി ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നിരത്തി വിലപിക്കുകയായാണ് വീട്ടമ്മമാർ.
കഴിഞ്ഞാഴ്ച 62കാരനായ അസുഖബാധിതനായ തുളസി ആശുപത്രിയിലേക്ക് തകർന്ന പാതയിലൂടെ നടന്നു പോവുന്നതിനിടെ വയൽ വരന്പിലെ മണ്പാതയിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ചുമന്ന് പ്രധാന പാതയിൽ കൊണ്ടുവന്ന് വാഹനത്തിൽ എത്തിച്ചെങ്കിലും മരണത്തിനു കിഴടങ്ങുകയായിരുന്നു.
പ്രദേശത്തെ ചെല്ലപ്പന്റെ ഭാര്യയും സമാനമായ രീതിയിലാണ് മരണപ്പെട്ടത്.കൊല്ലങ്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിലുൾപ്പെടുന്നതാണ് തഹസിൽദാർപ്പാടം. വോട്ട് അഭ്യർത്ഥിക്കുന്നസ്ഥാനാർത്ഥികളോട് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത് ഓട്ടോറിക്ഷ എങ്കിലും എത്താൻ കഴിയും വിധം സഞ്ചാരയോഗ്യമായ പാതയാക്കി മാറ്റണം എന്നു മാത്രമാണ്.
നിലവിൽ പ്രദേശത്തു രോഗബാധിതരെ ആശുപത്രിയിലെത്തിക്കാൻ ചുമന്നുകൊണ്ടു തന്നെ വേണം പോകാൻ.മുൻ കാലങ്ങളിൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് എത്തിക്കുന്നതിന് രക്ഷിതാവ് സാഹസിമായി ചുമന്നുവേണം പ്രധാന പാതയിലെത്തിക്കാനും തിരിച്ചു വീട്ടിലെത്തിക്കാനും.
ഗ്രാമസഭാ യോഗങ്ങളിലെല്ലാം ജനം റോഡിനു വേണ്ടി ഉയർത്തിയ ശബ്ദങ്ങളെല്ലാം നിഷ്ഫലമാവുകായാണുണ്ടായത്. മഴക്കാലമായതോടെ വയൽ വരന്പ് റോഡ് അക്ഷരാർത്ഥത്തിൽ ചളിക്കുളമായി.തെരുവിളക്കുകളില്ലാത്തതും പൊതുജനത്തിനു കൂനിൽമേൽ കുരു പോലെയായിരിക്കുകയാണ്.
റോഡ് വീതി കൂട്ടാൻ സ്ഥലം സൗജന്യമായി തരാൻ കർഷകർ പലവട്ടം മുന്നോട്ടു വന്നെങ്കിലും ഇത് ചെവിക്കൊള്ളാൻ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ തയ്യാറായിട്ടില്ല. ഇരുചക്രവാഹനങ്ങൾ മണ്പാതയിൽ കുടുങ്ങി നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരൻ പരിക്കേറ്റ നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്.
തഹസിൽദാർപ്പാടത്ത് മുപ്പതു കുടുബങ്ങളിലായി നൂറോളം പേർക്ക് കാലത്ത് ആറു മുതൽ രാത്രി ഏഴുമണി വരെ മാത്രമേ കൊല്ലങ്കോട് ടൗണുമായി ബന്ധപ്പെടാൻ കഴിയുകയുള്ളു.രാത്രി സമയങ്ങൾ ഈ ഗ്രാമം അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടത് കഴിച്ചുകൂട്ടുന്നത്.
രാത്രിയിൽ മണ്പാതയിൽ വിഷപ്പാന്പുകളുടെയും പന്നികുട്ടത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ദുരവസ്ഥകൾ മാറിക്കിട്ടാൻ വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും അണിനിരത്തി കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിനു മുന്നിൽ തുറന്ന പോരാട്ടത്തിനു തയാറാടുക്കുകയാണ് നാട്ടുകാർ.