മഞ്ചേരി: മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. വെള്ളില സ്വദേശിനി തഹ്ദില(ചിഞ്ചു–25)യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് തഹ്ദിലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തഹ്ദിലയുടെ ബന്ധുക്കളെ ഭർത്താവിന്റെ വീട്ടുകാർ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ ഉടൻ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പാണ്ടിക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിദേശത്തുള്ള ഭർത്താവ് നിസാർ നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. മക്കൾ: അസ്മൽ, അൻഫാൽ, എസിൻ ഫാറൂഖ്, ഫെല്ല മെഹ്റിൻ.