അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ പുറക്കാടാണ് താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയത്.
മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഭോപ്പാലിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലം കൂടി വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണമുണ്ടാകു. എന്നാൽ പക്ഷിപ്പനി ലക്ഷണങ്ങളോടെയാണ് താറാവുകൾ ചാകുന്നതെന്നും കർഷകർ പറയുന്നു.
കുടുതൽ താറാവുകൾ ചാകുന്നതോടെ ഇവയെ മറവു ചെയ്യാനുള്ള സൗകര്യം പോലുമില്ലാതെ കർഷകർ വിഷമിക്കുകയാണ്.
ഏതാനും വർഷങ്ങളായി നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി മൂലം താറാവുകൾ ചാകുന്നത് പതിവായിരിക്കുകയാണ്.
ക്രിസ്മസ് വിപണി ലക്ഷ്യം വച്ചാണ് കർഷകർ താറാവുകളെ വളർത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പക്ഷിപ്പനി ബാധയെത്തുടർന്ന് ഇവ ചാകുന്നതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ പതിനായിരക്കണക്കിനു താറാവുകൾ ചത്തിട്ടും കർഷകർക്കാർക്കും ഒരു രൂപയുടെ പോലും നഷ്ടപരിഹാരം ലഭിച്ചില്ല.
നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന പ്രഖ്യാപനം മാത്രമായിരുന്നു മിച്ചം. നഷ്ടപരിഹാരം കിട്ടിയില്ലെങ്കിലും ഈ വർഷവും കർഷകർ താറാവ് കൃഷിയുമായി രംഗത്തെത്തിയെങ്കിലും പക്ഷിപ്പനി ബാധ വീണ്ടും കർഷകരെ തളർത്തിയിരിക്കുകയാണ്.
ഈ മേഖലയിൽ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വർഷങ്ങളായി പറയുന്നുണ്ടെങ്കിലും ഇതും പ്രഖ്യാപനത്തിലൊതുങ്ങി.
ഏതാനും ചില ഇൻഷ്വറൻസ് കമ്പനികളുമായി ഇതിനായി ചർച്ച നടത്തിയെങ്കിലും ഇതു പ്രാവർത്തികമായില്ല. ഇതോടെ കർഷകരുടെ നഷ്ടം വർധിച്ചിരിക്കുകയാണ്.
ഇൻഷ്വറൻസ് പരിരക്ഷ ഏറ്റെടുക്കാൻ കമ്പനികൾ തയാറാകുന്നില്ലെന്നാണ് വകുപ്പ് വിശദീകരണം. ഇൻഷ്വറൻസിന്റെ ഒരു വിഹിതം കർഷകരും മറ്റൊരു വിഹിതം സർക്കാരുമാണ് അടക്കേണ്ടത്.
എന്നാൽ നഷ്ടം സംഭവിക്കുമെന്നതു കണക്കിലെടുത്ത് ഇൻഷ്വറൻസ് ഏറ്റെടുക്കാൻ പല കമ്പനികളും തയാറായിട്ടില്ല. ഇത്തവണയെങ്കിലും തങ്ങൾക്ക് നഷ്ടപരിഹാരം നൽകെണമെന്നാണ് കർഷകരുടെ ആവശ്യം.