കരുവാരകുണ്ട്: പൂർവവിദ്യാർഥി സംഗമത്തിന്റെ ഭാഗമായി തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായ പ്രതി കരുവാരകുണ്ട് പോലീസിന്റെ പിടിയിൽ.
നീലാഞ്ചേരി കൂരിമുണ്ട സ്വദേശി ചെമ്മലപുറവൻ താഹിറി(28)നെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
യുവതിയുമായി പരിചയപ്പെട്ട താഹിർ പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.
ബന്ധം പുറത്തറിഞ്ഞതോടെ താഹിർ കൈയൊഴിയുകയാണുണ്ടായത്. തുടർന്നു യുവതി പോലീസിൽ പരാതി നൽകുകയും പ്രതി ഒളിവിൽ പോവുകയുമായിരുന്നു.
വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ രഹസ്യവിവരത്തെത്തുടർന്നാണ്് താഹിർ അറസ്റ്റിലാകുന്നത്.പൂർവവിദ്യാർഥി കൂട്ടായ്മയുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകൾ സമീപകാലത്ത് നിരവധി കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണമായതായി പോലീസ് പറഞ്ഞു.
മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് പറയട്ടയെ കൂടാതെ സിപിഒമാരായ കെ.എസ്.ഉല്ലാസ്, ബിന്ദു മോൾ, സേതുമാധവൻ, വിനീഷ്, വിനയ ദാസ് കാളികാവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.