ഓവല്‍: ഇംഗ്ലണ്ടിലെ ലോകകപ്പ് മൈതാനത്ത് ചരിത്രത്തിലേക്ക് പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കൻ വെറ്ററൻ ഇമ്രാൻ താഹിർ. ലോകപ്പിൽ ആദ്യ ഓവർ എറിയുന്ന ആദ്യ സ്പിൻ ബൗളർ എന്ന ചരിത്രമാണ് താഹിർ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് താഹിർ ചരിത്രം സൃഷ്ടിച്ചത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഹാഫ് ഡു പ്ലസീസ് ലോകകപ്പിന്റെ ആദ്യ ഓവർ എറിയാൻ താഹിറിനെ ക്ഷണിക്കുമ്പോൾ ചരിത്രത്തിലേക്ക് പന്തെറിയാൻ കൂടിയുള്ള നിയോഗമായിയത്. തന്റെ ചരിത്ര നിയോഗം വിക്കറ്റ് പിഴുത് താഹിർ ആഘോഷമാക്കുകയും ചെയ്തു.
ഓവറിലെ രണ്ടാം പന്തിൽ തന്നെ താഹിർ വിക്കറ്റ് പിഴുതു. ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയര്സ്റ്റോവിനെയാണ് താഹിർ മടക്കിയത്. ബെയര്‍സ്റ്റോവിനെ ക്വിന്റൺ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. താഹിറിന്റെ ഗൂഗ്ലി മനസിലാക്കാനാവാതെ മുന്നോട്ടാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച ബെയര്‍സ്റ്റോയുടെ ബാറ്റിൽ തട്ടിയ പന്ത് ഡി കോക്കിന്റെ കൈകളിൽ വിശ്രമിച്ചു.
സംപൂജ്യനായി ബെയര്‍സ്റ്റോ മടങ്ങി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായും ഈ ലെഗ് സ്പിന്നര്‍ മാറി. 1992-ലെ ലോകകപ്പില്‍ ജോണ്‍ റൈറ്റിനെ ബൗള്‍ഡാക്കിയ ക്രെയ്ഗ് മക്ഡെര്മോറ്റാണ് ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ ആദ്യ താരം.
ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ ഓവർ സ്പിന്നർ എറിഞ്ഞിട്ടില്ലെങ്കിലും രണ്ടാം ഓവറിൽ സ്പിൻ ബൗളിംഗ് പരീക്ഷിച്ച ക്യാപ്റ്റൻമാരുമുണ്ട്. ന്യൂസിലൻഡിന്റെ മാർട്ടിൻ ക്രോ 1992 ലോകകപ്പിൽ സ്പിന്നർ ദീപക് പട്ടേലിന് രണ്ടാം ഓവറിൽ പന്ത് നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. താഹിർ എറിയുംവരെ ഓഫ് സ്പിന്നർ ദീപക് പട്ടേൽ ചരിത്രപുരുഷനായി തുടർന്നു.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന പാകിസ്താൻ വംശജനായ ക്രിക്കറ്റ് താരമാണ് ഇമ്രാൻ താഹിർ. ഇംഗ്ണ്ട് ലോകകപ്പിന് എത്തുമ്പോൾ . 40 വയസ്സും രണ്ട് മാസവും മൂന്നു ദിവസവുമാണ് താഹിറിന്റെ പ്രായം. ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ലെഗ് സ്പിന്നർ എന്ന നേട്ടം താഹിറിനു സ്വന്തമാണ്.