ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹാസമുച്ചയത്തിൽ അകപ്പെട്ട 12 ഫുട്ബോൾ കളിക്കാരായ കുട്ടികളെയും അവരുടെ കോ ച്ചിനെയും എങ്ങനെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന ചർച്ചകൾ മുറുകുന്നു. ഗുഹയ്ക്കുള്ളിൽ കുട്ടികളെ കണ്ടെത്തിയ ഭാഗത്തിൽനിന്ന് അല്പം ഉള്ളിലേക്ക് മാറ്റി ഗുഹയുടെ മുകൾത്തട്ടിൽനിന്ന് ദ്വാരമുണ്ടാക്കുക എന്ന തീരുമാനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ദ്വാരം ഉണ്ടാക്കുന്പോൾ തന്നെ ഗുഹയ്ക്കുള്ളിലെ വെള്ളം പുറത്തേക്ക് ശക്തമായി പന്പ് ചെയ്തു കളയുകയും ചെയ്യണം. അതേസമയം, കനത്തമഴയ്ക്കുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നത് രക്ഷാപ്രവർത്തകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
എന്തായാലും മഴക്കാലം തീർന്ന് മഴവെള്ളം തനിയെ ഇല്ലാതാകുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലായെന്ന നില പാടിലാണ് രക്ഷാപ്രവർത്തകർ. ഇതിനായി നാലുമാസം വരെ കാത്തിരിക്കേണ്ടി വരുമെന്നതാണ് പുതിയ രക്ഷാപ്രവർത്തന രീതികൾ സ്വീകരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
അതേസമയം, ഗുഹയിൽ അകപ്പെട്ടവർക്ക് ഭക്ഷണം എ ത്തിച്ചു കൊടുക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഗുഹയിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ കുട്ടികളെയും കോച്ചിനെയും മുങ്ങാംക്കുഴിയിടാൻ പരിശീലിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.
കാരണം നിലവിൽ കുട്ടികളും കോച്ചും തീരെ അവശരാണ്. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യവാനായ ആൾക്കുപോലും ഗുഹയ്ക്കു പുറത്തേക്ക് നീന്തിയെത്താൻ ആറ് മണിക്കൂറെടുക്കും.
ഒരു ഡോക്ടറും നഴ്സും ഉൾപ്പെടെ ഏഴു മുങ്ങൽ വിദഗ്ധരുടെ സംഘം കുട്ടികളുടെ അടുത്തെത്തിയിട്ടുണ്ടെന്നു തായ് നേവി അറിയിച്ചു. ബന്ധുക്കളുമായി കുട്ടികൾക്കു ബന്ധപ്പെടാൻ പ്രത്യേക ഫോൺലൈൻ സ്ഥാപിക്കാൻ നീക്കം നടക്കുന്നുണ്ട്.
വടക്കൻ തായ് ലൻഡിലെ തം ലുവാങ് ഗുഹാസമുച്ചയത്തിൽ ജൂൺ 23ന് അകപ്പെട്ട പന്ത്രണ്ട് ഫുട്ബോൾ കളിക്കാരായ കുട്ടികളെയും അവരുടെ കോച്ചിനെയും പത്താം ദിനമായ തിങ്കളാഴ്ചയാണു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്.
ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് ഇവരുള്ളത്. ഗുഹയിൽ കയറിയതിനു പിന്നാലെ മഴ പെയ്തു വെള്ളം പൊങ്ങിയതോടെ രക്ഷപ്പെടാനായി ഇവർ ഉള്ളിലേക്കു പോകുകയായിരുന്നു. 11നും 16നും ഇടയ്ക്കു പ്രായമുള്ളവരാണു കുട്ടികൾ. കോച്ചിന് 25 വയസുണ്ട്.
ഗുഹയ്ക്കുള്ളിലെ ഒരു പാറയിലാണ് കുട്ടികൾ അഭയം തേടിയിരിക്കുന്നത്. ഗുഹയുടെ മേൽഭാഗത്തുനിന്ന് ഇറ്റുവീഴുന്ന ജലം കഴിച്ചാണ് ജീവൻ നിലനിർത്തിയത്. യുഎസ്, ബ്രിട്ടൻ, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സൈന്യത്തിൽനിന്നടക്കമുള്ള വിദഗ്ധർ രക്ഷാപ്രവർത്തനത്തിനു രംഗത്തുണ്ട്.
ഇപ്പോൾ കുട്ടികളെ പുറത്തെത്തിക്കൽ ദുഷ്കരമാണെന്ന് ഓസ്ട്രേലിയൻ സംഘം പറഞ്ഞു. കുട്ടികളുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് തായ് അധികൃതർ അറിയിച്ചു.
ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് പ്രധാനമായും നൽകിവരു ന്നത്.