പൂച്ചാക്കൽ: പട്ടികജാതി കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നിരവധി പരാതികളും സമരങ്ങളും നടത്തിയിട്ടും അധികൃതർ നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നാണു പരാതി.
യുവമോർച്ചയുടെ നേതൃത്വത്തിൽ റോഡിലെ കുഴിയിൽ വള്ളം ഇറക്കി പ്രതിഷേധം സംഘടിപ്പിച്ചിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
തൈക്കാട്ടുശേരി പഞ്ചായത്തിലെ പട്ടികജാതിക്കാരും മറ്റ് വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന പ്രദേശത്തേക്കുള്ള പിഎസ് കവല-ചുടുകാട്ടുംപുറം റോഡാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ പിന്നിടുന്നത്.
നൂറുകണക്കിനാളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന റോഡാണ് ഇത്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞതിനാൽ ജനങ്ങൾക്ക് യാത്ര ദുഷ്കരമായി.
കഴിഞ്ഞ സാന്പത്തിക വർഷം ഈ റോഡിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു എന്നും ചില സാങ്കേതിക തടസങ്ങൾ ഉണ്ടായതിനാലാണ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാതിരുന്നത് എന്നും മുഖ്യമന്ത്രിയുടെയോ ജില്ലാ പഞ്ചായത്തിന്റെയോ ഫണ്ടിൽനിന്നു തുക വകയിരുത്തി ഉടൻ തന്നെ റോഡിന്റെ നിർമാണം തുടങ്ങുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് അംഗം പി.എം. പ്രമോദ് പറഞ്ഞു.