ബാങ്കോക്ക്: പന്ത്രണ്ടു കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കുടുങ്ങിയ തം ലുവാംഗ് ഗുഹാ സമുച്ചയം മ്യൂസിയം ആക്കാനുള്ള പദ്ധതിയിൽ തായ്ലൻഡ് അധികൃതർ. കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനു പിറ്റേന്നാണ് പദ്ധതിയെക്കുറിച്ച് അധികൃതർ വ്യക്തമാക്കിയത്.
രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും വിശദീകരിക്കുന്ന മ്യൂസിയമാണ് ഉദ്ദേശിക്കുന്നതെന്ന് രക്ഷാദൗത്യത്തിനു മേധാവിത്വം വഹിച്ച ചിയാംഗ് റായ് പ്രവിശ്യാ ഗവർണർ നരോംഗ്സാക് പറഞ്ഞു.
രണ്ടര ആഴ്ച ലോകത്തിന്റെ മുഴുവൻ ശ്രദ്ധ തം ലുവാംഗ് ഗുഹാമുഖത്തായിരുന്നു.ഈ ശ്രദ്ധ ടൂറിസം വരുമാനമാക്കി മാറ്റാനാണ് തായ് അധികൃതരുടെ നീക്കം. ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്ക് അകത്തും പുറത്തും സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രയുത് ചാൻഒച മുന്പു പറഞ്ഞിരുന്നു.
വിശ്രമിക്കുന്ന സുന്ദരി
വടക്കൻ തായ്ലൻഡിലെ ചിയാംഗ് റായ് പ്രവിശ്യയിലെ മലനിരകളിലുള്ള വലിയ ഗുഹയുടെ മുഴുവൻ പേര് തം ലുവാംഗ് നംഗ് നോൺ എന്നാണ്. ഇതിന്റെ അർഥം വിശ്രമിക്കുന്ന സുന്ദരി എന്നാണ്. ഗുഹയെക്കുറിച്ചുള്ള ഐതിഹ്യമാണ് പേരിനു കാരണം.
“സുന്ദരിയായ രാജകുമാരി ഒരു സാധാരണക്കാരനുമായി പ്രണയത്തിലായി. കാമുകനെ വധിക്കാൻ രാജാവ് ഭടൻമാരെ അയച്ചു. ദുഃഖിതയായ രാജകുമാരി ജീവനൊടുക്കി. സമീപത്തുണ്ടായിരുന്ന മലനിരകൾ അവളുടെ രൂപം പൂണ്ടു.”