പെണ്ണായാൽ മുട്ടോളം മുടി വേണമെന്ന് പഴമക്കാർ പറയാറുണ്ട്. അതുപോലെതന്നെ ആൺകുട്ടികൾ മുടി വളർത്തുന്നത് എന്തൊ കൊടിയ പാപമാണെന്നും ചിലർ പറയാറുണ്ട്. ആൺകുട്ടികൾ മുടി വളർത്തി നടന്നാൽ അവൻ കഞ്ചാവാണെന്നാണ് പൊതുവെയുള്ള സംസാരം. എന്തിനേറെ സ്കൂളിൽ പോലും ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരേ നിയമങ്ങൾ വരെയുണ്ട്. ഇപ്പോഴിതാ തായ്ലാൻഡിലെ സ്കൂളിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
വെസ്റ്റേൺ തായ്ലൻഡിലെ മെയ്സോഡ് ടെക്നിക്കൽ കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരു അധ്യാപകൻ 66 ഓളം വിദ്യാർഥികളുടെ തല മൊട്ടയടിച്ചു. വിദ്യാർഥികളുടെ മുടിയുടെ നീളം സ്കൂൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതലാണെന്ന് ആരോപിച്ചാണ് ഇയാൾ മുടി മൊട്ട അടിച്ചത്.
കുട്ടികളുടെ തലയുടെ മധ്യഭാഗത്തുള്ള മുടി മാത്രമാണ് അധ്യാപകൻ വട്ടത്തിൽ നീക്കം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അതോടെ അധ്യാപകനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ സംഭവത്തോടെ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർക്കെതിരേ കർശനമായ നടപടിയെടുക്കണമെന്ന ആവശ്യം തായ്ലൻഡിൽ വീണ്ടും ശക്തമായി.