ഏ.ജെ. വിൻസൻ
എറവ്: കൊടുംവേനലിൽ ഉള്ള് തണുപ്പിക്കാൻ ശ്രേയസ് രമേശന്റെ തൈര് കഞ്ഞി ക്ലിക്ക്ഡ്. രണ്ടാഴ്ച മുന്നേയാണ് സുഹൃത്തിന്റെ നിർദേശപ്രകാരം പരീക്ഷണാർഥം തൈര് കഞ്ഞി എറവ് കപ്പൽപ്പള്ളി സെന്ററിലെ ശേ്രയസ് ഹോട്ടലിൽ നൽകി തുടങ്ങിയത്. ഇപ്പോൾ തൈര് കഞ്ഞിക്കു ആവശ്യക്കാരേറി. കൂലിപ്പണിക്കാർ മുതൽ ന്യൂജെൻ കുട്ടികൾ വരെയാണ് കഞ്ഞിക്കുടിച്ച് ഉള്ള് തണുപ്പിച്ച് ഉള്ളം നിറഞ്ഞ് പോകുന്നത്.
രാവിലെ ഏഴു മുതൽ 10 വരെയാണ് തൈര് കഞ്ഞി വിതരണം. ചെറുപയർ ഉപ്പേരി, ഇരുന്പാന്പുളി അച്ചാറും തൈര് കഞ്ഞിയോടൊപ്പം കിട്ടും. 30 രൂപക്കാണ് തൈര് കഞ്ഞി നൽകുന്നത്. തൃശൂർ ജില്ലയിൽ തൈര് കഞ്ഞി നൽകുന്ന ഹോട്ടലുകളെക്കുറിച്ച് കേട്ടിട്ടില്ലെന്ന് രമേശൻ പറഞ്ഞു.
തൈര് കഞ്ഞി കഴിക്കുന്നതോടൊപ്പം പഴയകാല സംഭവങ്ങൾ, തെരഞ്ഞെടുപ്പ്, നേതാക്കൾ എന്നിവയടങ്ങുന്ന ഫോട്ടോ പ്രദർശനവും ഹോട്ടലിൽ കാണാം.
ഹോട്ടൽ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാരക രോഗം ബാധിച്ച പാവപ്പെട്ട രോഗികൾക്ക് നൽകാനും രമേശൻ സന്മനസ് കാണിക്കാറുണ്ട്. അരിന്പൂരിലെ ഗവ. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കിടപ്പു രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണവും കുറെക്കാലം രമേശന്റെ വകയായിരുന്നു.