പന്തയങ്ങള്‍ പലവിധത്തിലുള്ളത് നിലവിലുണ്ട്. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളില്‍. എന്നാല്‍ വിവാദങ്ങള്‍ക്കു കാരണമാവുന്നതാണ് തായ്‌വാനില്‍ നടന്നുവരുന്ന ഈ പന്തയം. ഒരേസമയം വിചിത്രവും ക്രൂരവുമായ പന്തയമാണിത്. കാന്‍സര്‍ ബാധിതനായ ഒരു രോഗി മരിയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് വന്‍ തുകയ്ക്ക് പന്തയം നടക്കുന്നത്. മനുഷ്യത്വ രഹിതമായ ഈ വിനോദത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
തായ് വാനിലെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ഒന്നായ തായ്ച്ചുങ്ങില്‍ ആണ് ഈ ബെറ്റ് സജീവമായി നടക്കുന്നത്. ഏറ്റവും കൗതുകകരമായ വസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗിയുടെ ബന്ധുക്കളും വരെ പന്തയത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്. മുപ്പത് മില്ല്യന്‍ ഡോളര്‍ ആണ് ഇത്തരം ‘ജീവന്‍ വച്ചുള്ള’ പന്തയങ്ങള്‍ക്ക് വേണ്ടി പലവഴിയ്ക്ക് ഒഴുകുന്നത്. ഈ പട്ടണത്തില്‍ ഇത്തരം അറുപതോളം ക്ലബ്ബുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട് എന്നാണറിവ്. ഇത്തരത്തില്‍ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നവരെ കാണാന്‍ രാവിലെ അവര്‍ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഉണ്ടാവും. രോഗിയുടെ സുഖവിവരം അന്വേഷിയ്ക്കാന്‍ ഒന്നുമല്ല, പ്രധാനപ്പെട്ട ശാരീരികാവയവങ്ങള്‍ പരിശോധിയ്ക്കാനാണ് എല്ലാരും കൂടിയിരിയ്ക്കുന്നത്. അത് അറിഞ്ഞിട്ടു വേണം മരിയ്ക്കുമോ ഇല്ലയോ എന്ന രീതിയിലുള്ള വാതുവയ്പുകള്‍ ആരംഭിക്കാന്‍.
ഒരു മാസത്തേയ്ക്കാണ് പന്തയത്തിന്റെ കാലാവധി. ഒരു മാസത്തിനുള്ളില്‍ രോഗി മരിച്ചാല്‍ പണം വീട്ടുകാര്‍ക്ക് ലഭിയ്ക്കും. അതിജീവിച്ചാല്‍ പിന്നീടുള്ള ഓരോ ദിവസത്തിനും വേണ്ടി അടുത്ത പന്തയം തുടങ്ങും. കുടുംബാംഗങ്ങളുടെ അനുവാദം ചോദിച്ചിട്ടാണ് പന്തയം തുടങ്ങുന്നത്. മൊത്തം തുകയുടെ പത്തു ശതമാനം എന്തായാലും തങ്ങള്‍ക്ക് ലഭിയ്ക്കും എന്നതിനാല്‍ കുടുംബാംഗങ്ങള്‍ക്കും ഇത് താത്പര്യമാണ്. പണം അധികമില്ലാത്തവരും ശവസംസ്‌കാരത്തിനും മറ്റ് ചെലവുകള്‍ക്കും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവരുമാണ് ഈ രീതിയിലുള്ള മത്സരങ്ങളിലേര്‍പ്പെടുന്നത്.