തായ്പെയ്: ചൈനയ്ക്കെതിരേ ആയുധശേഖരം വർധിപ്പിക്കുന്ന തായ്വാൻ സ്വന്തമായി നിർമിച്ച മുങ്ങിക്കപ്പൽ നീറ്റിലിറക്കി. പ്രസിഡന്റ് സായ് ഇംഗ് വെന്നിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
154 കോടി ഡോളർ ചെലവിട്ടു നിർമിച്ച മുങ്ങിക്കപ്പൽ ഡീസൽ എൻജിനാലാണു പ്രവർത്തിക്കുന്നത്. ചൈനീസ് ഐതിഹ്യങ്ങളിലെ പറക്കും മത്സ്യമായ ‘ഹൈക്കുൻ’ എന്നാണു പേരിട്ടിരിക്കുന്നത്.
പരീക്ഷണയോട്ടങ്ങൾക്കുശേഷം 2024ൽ നാവികസേനയുടെ ഭാഗമാകും. മറ്റൊരു മുങ്ങിക്കപ്പലിന്റെ നിർമാണം തായ്വാനിൽ പുരോഗമിക്കുകയാണ്. പത്തു മുങ്ങിക്കപ്പലുകൾ സ്വന്തമാക്കാനാണ് ഉദ്ദേശ്യം.
പസഫിക് സമുദ്രത്തിൽ ചൈനീസ് സേനയെ തടയാമെന്ന മോഹം മണ്ടത്തരവും വിവരക്കേടുമാണെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. എത്ര ആയുധങ്ങൾ സമാഹരിച്ചാലും തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നും പറഞ്ഞു.