സിഡ്നി: തായ്വാനുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി നൗരു എന്ന കുഞ്ഞൻ ദ്വീപുരാജ്യം അറിയിച്ചു. തായ്വാനെ ഇനി പ്രത്യേക രാജ്യമായി അംഗീകരിക്കില്ലെന്നും ചൈനയുടെ ഭാഗമായിട്ടു കാണുമെന്നും അവർ വ്യക്തമാക്കി.
ചൈനാവിരുദ്ധനായ വില്യം ലായി തായ്വാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ സംഭവ വികാസങ്ങൾ. തെരഞ്ഞെടുപ്പ് ഫലത്തിൽ അസ്വസ്ഥയായ ചൈന നൗരുവിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നുവെന്നു തായ്വാൻ ആരോപിച്ചു.
ഓസ്ട്രേലിയയ്ക്കു സമീപമുള്ള നൗരു, തായ്വാനെ ഔദ്യോഗികമായി അംഗീകരിച്ച 12 രാജ്യങ്ങളിലൊന്നായിരുന്നു. 2002ലും നൗരു തായ്വാനുമായുള്ള ബന്ധം വിച്ഛേദിച്ച് ചൈനയെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതാണ്. 2005ലാണ് വീണ്ടും തായ്വാനെ അംഗീകരിച്ചത്.