കലകാരന്റെ ഓല മേഞ്ഞ വീടും സമ്പാദ്യവും അഗ്നിക്കിരയായി; സിനിമയിലേക്ക് തിരികെ വരാനായി തയാറാക്കി വച്ചിരുന്ന തിരക്കഥകളും തങ്കപ്പന് നഷ്ടമായി

house_fireകാലടി: അറിയപ്പെടുന്ന കലാകാര നായ ശ്രീമൂലനഗരം എം.കെ. തങ്കപ്പന്‍ ദുരിതങ്ങളേല്‍പ്പിച്ച ആഘാതത്തിലാണ്.  ഓല മേഞ്ഞ വീട് കഴിഞ്ഞദിവസം അഗ്നിക്കിരയായതോടെ തല ചായ്ക്കാനൊരിടം തേടുകയാണ് അദ്ദേഹം. അമ്പതോളം മലയാള സിനിമകളില്‍ സംവിധാന സഹായിയായിരുന്നു തങ്കപ്പന്‍. കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് വീടിനു തീ പിടിച്ചത്. വീട് പൂര്‍ണമായും കത്തിക്കരിഞ്ഞതിനു പുറമെ എല്ലാ സമ്പാദ്യവും അഗ്നിക്കിരയായി.

ഇതു കൂടാതെ എന്നെങ്കിലുമൊരിക്കല്‍ സിനിമയിലേക്ക് തിരികെ വരാനായി തയാറാക്കി വച്ചിരുന്ന തിരക്കഥകളും കത്തി നശിച്ചു. തിരിച്ചറിയല്‍ രേഖകളുള്‍പ്പടെയുളള രേഖകളും കത്തിക്കരിഞ്ഞു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അഗ്നിബാധയുടെ കാരണം അറിവായിട്ടില്ല. സംഭവസ്ഥലം അന്‍വര്‍ സാദത്ത് എംഎല്‍എ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സാ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അടിയന്തിരമായി നടപടിയെടുക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് കല്ലയത്ത് നടത്തുന്ന ബജ്ജിക്കടയായിരുന്നു തങ്കപ്പന്റെ ഉപജീവനമാര്‍ഗം. ഒരു കാലത്തു മലയാള സിനിമയിലെ പേരെടുത്ത സംവിധായകരുടെ സഹായിയായിരുന്നു തങ്കപ്പന്‍. മലയാളി ആസ്വദിച്ച നിരവധി സിനിമകളുടെ പിന്നാമ്പുറത്തു തങ്കപ്പനുണ്ടായിരുന്നു. അമ്പതോളം സിനിമകളില്‍ സംവിധാന സഹായിയായി. സിനിമയില്ലാതായതോടെ കുടുംബം ഉപേക്ഷിച്ച വേദനയുമുള്ളിലടക്കി, ഒരു ചെറിയ കൂരയ്ക്കുള്ളില്‍ ശിഷ്ടകാല ജീവിതത്തിന്റെ വേദനകള്‍ പരാതികളില്ലാതെ ഏറ്റുവാങ്ങുകയായിരുന്നു തങ്കപ്പന്‍.

ശ്രീമൂലനഗരം കല്ലയത്ത് മണത്തല വീട്ടില്‍ കുമാരന്റെയും കാളിക്കുട്ടിയുടെയും മകന്‍ തങ്കപ്പന്‍ എഴുപതുകളിലാണ് മലയാള സിനിമയുടെ ഭാഗമായത്. സിനിമാ മോഹവുമായി നേരേ മദ്രാസിലേക്ക് വണ്ടി കയറി. പി.കെ. ജോസഫ് എന്ന സംവിധായകന്റെ സഹായിയായി. എന്റെ കഥ എന്ന സിനിമയിലായിരുന്നു ആദ്യമായി പ്രവര്‍ത്തിച്ചത്. പിന്നീട് പി.കെ. ജോസഫിനൊപ്പം മുളമൂട്ടില്‍ അടിമ, വിട പറയാന്‍ മാത്രം തുടങ്ങിയ സിനിമകളിലും സഹായിയായി. ബാബു കുരുവിള സംവിധാനം ചെയ്ത മനയ്ക്കലെ തത്ത, ആരുണ്ടിവിടെ ചോദിക്കാന്‍ എന്നീ സിനിമകളിലും സഹകരിച്ചു.

തുടര്‍ന്ന് സംവിധായകന്‍ തുളസീദാസിന്റെ സംവിധാന സഹായിയായി. ആദ്യചിത്രം ഒന്നിന് പുറകെ മറ്റൊന്ന്. തുടര്‍ന്ന് ലയനം, കൗതുകവാര്‍ത്തകള്‍, പാരലല്‍ കോളേജ്, ഉത്തരകാണ്ഡം, ആയിരം നാവുള്ള അനന്തന്‍, കിലുകില്‍ പമ്പരം തുടങ്ങി ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ തുളസീദാസിനൊപ്പം സംവിധാന സഹായിയായി. അക്കാലത്തെ ഹിറ്റ് സംവിധായകന്‍ രാജസേനന്റെ ഒപ്പം ഒമ്പതോളം ചിത്രങ്ങളില്‍ സഹകരിച്ചു. ബിജു വട്ടപ്പാറ സംവിധാനം ചെയ്ത ഇന്നാണ് ആ കല്യാണമായിരുന്നു അവസാനമായി സംവിധാന സഹായിയായ ചിത്രം.

ഇതിനിടയില്‍ സ്വതന്ത്രമായി ഒരു സിനിമ ചെയ്യാനുള്ള ശ്രമങ്ങളും തുടര്‍ന്നു. എന്നാല്‍ കൂടെ നിന്നവര്‍ കൈയ്യൊഴിഞ്ഞതോടെ ആ മോഹം ബാക്കിയായി. മോഹിച്ച പലതും നഷ്ടമായ അനുഭവം പരിചിതമായിത്തുടങ്ങിയതോടെ എല്ലാം ഉള്ളിലടക്കുകയായിരുന്നുവെന്നു തങ്കപ്പന്‍. ജീവിതത്തില്‍ നിന്നും സിനിമ അകന്നതോടെ കുടുംബവും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം കത്തി നശിച്ച ഒറ്റമുറിക്കൂരയ്ക്കരികില്‍ പുതിയ വീടു പണിയാന്‍ കെട്ടിയ തറയുണ്ട്.  വീടുണ്ടാക്കണമെന്ന മോഹം, കെട്ടിയുയര്‍ത്തിയ ആ തറയിലൊതുങ്ങുകയായിരുന്നു. ഇതുവരെ സഹായം അഭ്യര്‍ഥിച്ച് പഴയ സിനിമാ സുഹൃത്തുക്കളെ വിളിച്ചിട്ടില്ലെന്നു തങ്കപ്പന്‍ പറഞ്ഞു. ഇനിയും സിനിമയില്‍ സഹകരിക്കണമെന്ന ആഗ്രഹമുണ്ട്.  എന്നാല്‍ എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങി ചെറിയ കൂരയ്ക്കുള്ളില്‍ ജീവിക്കുന്നതിനിടയിലാണ് ആകെയുണ്ടായിരുന്ന വീട് കത്തിയമര്‍ന്നത്.

Related posts