മാന്നാർ: പാണ്ടനാട്ടിൽ ഏറെ ജീവനുകൾ കൈപിടിച്ച് കരയ്ക്കെത്തിച്ച മത്സ്യബന്ധബോട്ട് പ്രളയത്തിന്റെ ബാക്കി പത്രമായി. ഏറെ ദുരിതം വിതച്ച പാണ്ടനാട്ടിലാണ് രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ട് തകർന്നത്. ഇതേ തുടർന്ന് മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച ബോട്ടാണ് പ്രളയത്തിന്റെ ബാക്കി പത്രമായി ഇവിടെ കിടക്കുന്നത്.
കഴിഞ്ഞ 17-നാണ് മത്സ്യത്തൊഴിലാളികളായ രക്ഷാ പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മരത്തിൽ ഇടിച്ച് തകർന്നത്. ഇടിച്ച് തകരുന്പോൾ രക്ഷകരായ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ 15 ജീവനുകൾ ബോട്ടിൽ ഉണ്ടായിരുന്നു. കുത്തൊഴുക്കിൽ ഒന്നും ചെയ്യാനാകാതെ ബോട്ട് തകരുന്നത് നിസഹായതയോടെ നോക്കി നിൽക്കുവാനെ എല്ലാവർക്കും കഴിഞ്ഞുള്ളു.
ബോട്ടിൽ ഉണ്ടായിരുന്നവർ തെങ്ങിൻതോപ്പിലെ ഓലയിലും മറ്റും പിടിച്ച് കിടന്നു. തുടർന്ന് മറ്റൊരു ബോട്ടെത്തിയാണ് എല്ലാവരെയും കരയ്ക്കെത്തിച്ചത്. മുങ്ങിപോയ ബോട്ട് വെള്ളമെല്ലാം ഇറങ്ങി കഴിഞ്ഞപ്പോൾ പ്രളയത്തിന്റെ മരിക്കാത്ത ഓർമകളായി പാണ്ടാനാട്ടിലെ തെങ്ങും തോപ്പിൽ കിടക്കുന്നു.
16 നും 17-ന് ബോട്ട് തകരുന്നത് വരെയും നൂറ് കണക്കിന് ജീവനുകൾ കരയ്ക്കെത്തിച്ച ബോട്ടാണ് പ്രളയത്തിന്റെ രക്തസാക്ഷിയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. ഇപ്പോൾ ഇത്തരത്തിൽ ഈ ബോട്ട് ഇവിടെ കിടക്കുന്നത് പ്രളയത്തിന്റെ നൊന്പരകാഴ്ചയുടെ ഓർമ്മപ്പെടുത്തൽ ആയിരിക്കുകയാണ്.