പിലാത്തറ: റേഷന്‍ കടയും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പഴക്കം ചെന്ന കെട്ടിടത്തിന്റെ അവസ്ഥ അപകട ഭീഷണിയാകുന്നു. പിലാത്തറ ജംഗ്ഷനോട് ചേര്‍ന്ന് പഴയങ്ങാടി റോഡരികിലുള്ള കെട്ടിടവും അതിലെ കടകളുമാണ് സുരക്ഷാ മുന്നറിയിപ്പ് ഭീഷണിയിലുള്ളത്.
അരനൂറ്റാണ്ടോളം പഴക്കമുള്ള ഈ കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഇരുനിലകളിലായി 25 ഓളം മുറികളിലായി വിവിധ സ്ഥാപനങ്ങളുണ്ടായിരുന്നു.ബാങ്ക്, പോസ്റ്റാഫീസ് അടക്കമുള്ളവ കെട്ടിടത്തിന്റെ അപകടാവസ്ഥ കാരണം മാറിപ്പോയി. എന്നാല്‍ റേഷന്‍ കട, സഹകരണ പ്രിന്റിംഗ് പ്രസ് അടക്കം നിരവധി വ്യാപാര മുറികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഈ കെട്ടിടത്തിന്റെ തൂണുകളും സ്ലാമ്പുകളും പല സ്ഥലത്തും അടര്‍ന്ന് വീണ നിലയിലാണ്.
കെട്ടിടത്തിന്റെ അപകട ഭീഷണി ചൂണ്ടിക്കാട്ടി ഉടമസ്ഥര്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കെട്ടിടം പൊളിച്ച് മാറ്റാന്‍ ഫയര്‍ഫോഴ്സ് അറിയിച്ചതായാണ് ബോര്‍ഡ്. എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉടമസ്ഥര്‍ക്ക് ഉത്തരവാദിത്വമില്ല എന്നാണ് ചൂണ്ടിക്കാട്ടിക്കുള്ളത്. ഈ അവസ്ഥയില്‍ വ്യാപാരികളും റേഷന്‍ കടയിലടക്കം എത്തുന്നവരും സുരക്ഷിതമല്ലാത്ത നിലയിലാണ്.