കാറളം: നാലു നിർമാണോദ്ഘാടനം നടന്നിട്ടും ശാപമോക്ഷമില്ലാതെ കല്ലട ഹരിപുരം റോഡ്. കാറളം പഞ്ചായത്തിലെ പത്ത്, 11 വാർഡുകളിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരംവരുന്ന കല്ലട ഹരിപുരം റോഡിനാണു ഈ ദുർഗതി. മണ്പാതയായിരുന്ന റോഡ് 1992 ലാണ് ടാർ ചെയ്തത്.
അതിനുശേഷം 26 വർഷമായിട്ടും ഇതുവരെ ഒരുവിധ അറ്റകുറ്റപ്പണികളും റോഡിൽ നടന്നിട്ടില്ല. കഴിഞ്ഞ വർഷക്കാലത്ത് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായതോടെ നാട്ടുകാർ പിരിവെടുത്ത് റോഡിൽ മണ്ണടിച്ചിരുന്നു. റോഡിൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
മുൻ എംഎൽഎയുടെ കാലത്ത് റോഡിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും നിലവിലെ എംഎൽഎ 36 ലക്ഷം രൂപ അനുവദിച്ച് രണ്ടുതവണ ഉദ്ഘാടനം നടത്തുകയും ചെയ്തിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ മറ്റു റോഡുകളുടെ നവീകരണം പൂർത്തിയായപ്പോഴും ഈ റോഡിനോടു അവഗണന തുടരുകയാണെന്നു നാട്ടുകാർ ആരോപിച്ചു.റോഡിന്റെ പുനർനിർമാണ പ്രവൃത്തികൾ നീളുന്നതിൽ ഹരിപുരം നിവാസികൾ പ്രതിഷേധിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയാണു പ്രദേശവാസികൾ പ്രസിഡന്റിനെ പ്രതിഷേധം അറിയിച്ചത്.
ഏപ്രിൽ ആദ്യവാരം തന്നെ റോഡിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പ്രദേശവാസികൾക്കു ഉറപ്പുനൽകി. പ്രസിഡന്റിന്റെ ഉറപ്പിനെത്തുടർന്ന് നാട്ടുകാർ തിരിച്ചുപോകുകയായിരുന്നു.