പാലോട്: കാൽനട പോലും അസാധ്യമായതിനെ തുടർന്ന് റോഡിൽ വാഴയും ചേമ്പും ചേനയും നട്ടു നാട്ടുകാർ പ്രതിഷേധിച്ചു. ചെല്ലഞ്ചി പാലത്തിന്റെ പരപ്പിൽ ഭാഗത്തേക്കുള്ള അപ്രോച്ചു റോഡിലാണ് നാട്ടുകാരുടെ ഈ പ്രതിഷേധം.
പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുവർഷത്തോളമായിട്ടും അപ്രോച്ച് റോഡ് പണി തുടങ്ങിയിട്ടില്ല. ഇതിൽ കല്ലറ പഞ്ചായത്തിലെ പരപ്പിൽ ജംഗ്ഷനെ ബന്ധിപ്പിക്കുന്ന റോഡ് ഇന്നും ചെമ്മൺ പാതയായിതന്നെ അവശേഷിക്കുന്നു.
വശങ്ങൾ കുഴികളായി തീർന്ന റോഡിൽ കുറേക്കാലമായി വാഹനങ്ങളൊന്നും കടന്നുവരുന്നില്ല. കല്ലറ, നന്ദിയോട് പഞ്ചായത്തുകളിലായി റോഡിനെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് റോഡ് ചെളിക്കുളമായി മാറി. കാൽനട യാത്ര പോലും ദുസ്സഹമായതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു.
പാലത്തിൽ നിന്നും പരപ്പിൽ ജംഗ്ഷനുമായി 500 മീറ്റർ പോലും ദൂരമില്ലെന്നിരിക്കെയാണ് ജനങ്ങളെ ഇങ്ങനെ ദുരിതത്തിലാക്കുന്നത്. അരനൂറ്റാണ്ടോളം ഉയർന്ന ആവശ്യമായിരുന്നു ചെല്ലഞ്ചി പാലം.
കോടികൾ ചെലവഴിച്ച അത് യാഥാർഥ്യമായെങ്കിലും റോഡ് തകർച്ച മൂലം പാലത്തിലൂടെ വാഹനങ്ങൾ കടന്നു വരാൻ കഴിയാത്ത അവസ്ഥയാണ് .