പൂച്ചാക്കൽ: റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഓട്ടോ തൊഴിലാളികൾ സർവീസ് നിർത്തിവച്ചു. പാണാവള്ളി പഞ്ചായത്തിന്റെ സമീപത്തുള്ള നാലു കല്ലുംവെളി-ഉൗടുപുഴ റോഡ് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിക്ഷേധിച്ചാണ് നാലു കല്ലുംവെളി ഓട്ടോ സ്റ്റാറ്റിലെ ഒരു കൂട്ടം തൊഴിലാളികൾ സമരവുമായി രംഗത്ത് വന്നത്.
പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. റോഡ് നിലവിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞി്ട്ടും സഞ്ചാരയോഗ്യമായ രീതിയിൽ റോഡ് പുനർനിർമിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് ഈ റോഡിനോട് അവഗണന കാട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നിലവിൽ വന്നതിനുശേഷം പഞ്ചായത്തുകളിൽ അനവധി പുതിയ റോഡ് നിർമിക്കുകയും അവ പലതവണ നന്നാക്കുകയും ടാറിംഗ് നടത്തുകയും ചെയ്തിട്ടും ഈ റോഡ് നന്നാക്കാത്തതിൽ നാട്ടുകാർക്ക് കടുത്ത അമർഷമുണ്ട്.
റോഡിന്റെ പല ഭാഗങ്ങളും കുണ്ടും കുഴിയും നിറഞ്ഞ് മെറ്റലുകൾ ചിതറി കിടക്കുകയാണ്.
ഇതുമൂലം ഇരുചക്രവാഹനങ്ങൾ മെറ്റലിൽ കയറി തെന്നി മറിയുക പതിവാണ്. ഇതു വഴി ഓട്ടോറിക്ഷകൾ വിളിച്ചാൽ വരാൻ മടിക്കുന്നതുമൂലം രോഗികളെ യഥാസമയത്ത് ആശുപത്രിയിൽ എത്തിക്കാനും കഴിയുന്നില്ല. ഇനിയെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എന്നാൽ റോഡ് ചേന്ന് ചേരുന്ന പ്രദേശത്തെ അഞ്ചുതുരുത്തിലെക്ക് പാലം നിർമിക്കുന്നതിനായി ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും.പാലത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടൊണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദൻ പറഞ്ഞു.
പാലം നിർമിക്കുന്നതോടൊപ്പം നാലു കല്ലുംവെളി-ഉൗടുപുഴ റോഡ് ഇപ്പോൾ ഉള്ളതിനെക്കാളും ഉയരത്തിലും ഗുണനിലവാരത്തിലും പുനർനിർമ്മിക്കുകയും ചെയ്യും. അതിന് മുന്പായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചിലവിട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. പണിമുടക്കിൽ ഏർപ്പെട്ടിരിക്കുന്ന ഓട്ടോ തൊഴിലാളികൾ പ്രദേശത്തുള്ളവരോടും തുരുത്തു നിവാസികളോടും കാണിക്കുന്നത് തികച്ചും അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.