വടക്കഞ്ചേരി: തകർന്നുകിടക്കുന്ന വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ബസ് യാത്രക്കാരുടെ യാത്ര പ്രാണൻ അടക്കിപ്പിടിച്ച്. സമയക്രമം പാലിക്കാൻ റോഡിലെ കുഴികളിൽ ചാടിയും കുതിരാനിൽ ടാർ റോഡുവിട്ട് പാതയോരത്തെ മണ്വഴിയിലൂടെയും സ്വകാര്യബസുകൾ പായുന്പോൾ യാത്രക്കാരുടെ നെഞ്ചിടിപ്പേറും.കുതിരാൻക്ഷേത്രം ഭാഗങ്ങളിൽ വനത്തിന്റെ അഗാധ താഴ്ചകളാണ്.
റോഡുവശത്തെ മണ്ണിടിഞ്ഞാൽ ഉണ്ടാകുന്ന ദുരന്തം എങ്ങനെയൊക്കെയാകുമെന്ന് പറയാനാകില്ല. ബസിലെ യാത്രക്കാരുടെ ശാപവാക്കുകളും രോഗികളുടെ രോദനങ്ങളും അധികൃതരുടെയും ജനപ്രതിനിധികളുടെയും കടുത്ത അനാസ്ഥയ്ക്കെതിരേയുള്ള പ്രതിഷേധ ശബ്ദങ്ങളായി മാറുന്നു. അത്രയ്ക്കും കഠിനതരമാണ് കുതിരാൻ യാത്ര.
ആരുടെയൊക്കെയോ ഭാഗ്യത്തിന് മാത്രമാണ് വൻദുരന്തങ്ങൾ ദിവസവും തലനാരിഴയ്ക്ക് വഴിമാറുന്നത്. ഇരുഭാഗത്തേക്കുമുള്ള വലിയ വാഹനങ്ങൾ ഒരേകുഴിയിൽ ചാടി ആടിയുലയുന്പോൾ അപകടം മുഖാമുഖം കാണുന്ന സ്ഥിതിയാണ്.
2007 മുതൽ തുടങ്ങിയതാണ് ഈ നരകയാത്ര. ഇനിയും ഇത് എത്രകാലമെന്നതിന് വ്യക്തതയില്ല. കുഴിനിറഞ്ഞ ദേശീയപാതയിലൂടെ വാഹനം ഓടിക്കുന്ന അന്യസംസ്ഥാനക്കാരും കേരളത്തിന്റെ റോഡുവികസനത്തെ പഴിക്കുന്നത് സഭ്യമായ വാക്കുകൾകൊണ്ടൊന്നുമല്ല.
ഒരു കുരുക്ക് തീർന്ന് മുന്നോട്ടുനീങ്ങുന്പോൾ മറ്റൊരു കുരുക്ക് എന്ന മട്ടിൽ യാത്രാദുരിതം അനുഭവിച്ച് മനസ് പാകപ്പെടുത്തിയവരാണ് ഈ റൂട്ടിലെ സ്ഥിരം യാത്രക്കാർ.പാതവികസനത്തിന്റെ പേരിൽ ഇത്രയേറെ ദുരിതംപേറേണ്ടിവന്ന ദേശീയപാതയും യാത്രക്കാരും അപൂർവമാകും.
പാതവികസനത്തിന്റെ ഭാഗമായി വടക്കഞ്ചേരിയിൽ നിർമിച്ച സർവീസ് റോഡ് ഇപ്പോൾ ഉരുൾപൊട്ടിയൊലിച്ച ചാലുപോലെയായി. റോഡിൽ കുഴി മാത്രമായപ്പോൾ പിന്നെ കുഴിയില്ലാത്തഭാഗം നോക്കി വാഹനങ്ങൾക്കു പോകേണ്ടതില്ല.
എല്ലാവരും വാഹനം ചാടിച്ചു രക്ഷപ്പെടുകയാണ്.
മൂന്നുവർഷംമുന്പ് റോഡ് ഇത്തരത്തിൽ തകർന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഇടപെട്ട് റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോടും നാഷണൽ ഹൈവേ അഥോറിറ്റിയോടും ആവശ്യപ്പെടുകയും കുഴിയടയ്ക്കാനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ സംസ്ഥാനമന്ത്രിമാരും എംപിമാരുമെല്ലാം പ്രസ്താവനയിൽ പ്രതിഷേധം ഒതുക്കുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ള മന്ത്രിമാരും എംപിമാരും എംഎൽഎമാരും വിഷയത്തിൽ ഇടപെട്ട് ദേശീയപാത കുറ്റമറ്റതാക്കണമെന്നാണ് ആവശ്യം.