വെള്ളമുണ്ട: മാനന്തവാടി-നിരവിൽപ്പുഴ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് റൂട്ടിലെ സ്വകാര്യ ബസ്തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് പടിഞ്ഞാറത്തറ പൊതുമരാമത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും.
മാനന്തവാടി നിരവിൽപ്പുഴ റൂട്ടിൽ തരുവണ മുതൽ മക്കിയാട് വരയെുള്ള പത്ത് കിലോമീറ്ററോളം ദൂരം പൂർണ്ണമായി തകർന്നിരിക്കുകയാണ്. 2015-2016 വർഷത്തിൽ റോഡ് നവീകരണത്തിനായി പത്ത് കോടി രൂപ അനുവദിക്കുകയും നവീകരണ പ്രവൃത്തികൾ 2017 നവംബറിൽ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ പ്രവൃത്തികൾ കൂടുതൽ ദുരിതത്തിലാണ് യാത്രക്കാരെ എത്തിച്ചത്. കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ കാരണം പ്രവർത്തി പാതിവഴിൽ പോലുമെത്തിയില്ല. റോഡ് വീതികൂട്ടാനായി അശാസ്ത്രീയമായി മണ്ണെടുത്ത സ്ഥലങ്ങളിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസത്തിനിടയാക്കി. റോഡ് പൊളിച്ച് മെറ്റൽ ചെയ്ത ഭാഗങ്ങൾ മഴയിൽ ഒലിച്ച് റോഡിന്റെ പലഭാഗങ്ങളിലും വൻകുഴികൾ രൂപപ്പെട്ടു.
താമരശേരിചുരം വഴി ചരക്ക് വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതോടെ നിത്യേന റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വർധിച്ചു. ടോറസ് ലോറികളുൾപ്പെടെ നിരവധിവാഹനങ്ങളാണ് ഇതിലൂടെ കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്നത്. ഇരുപതോളം സ്വകാര്യ ബസുകൾ ഇത് വഴി സർവീസ് നടത്തുന്നുണ്ട്.
കുഴികളിറങ്ങി വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന് പുറമേ തൊഴിലാളികൾക്കും ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുയാണ്. ഈസാഹചര്യത്തിലാണ് സംയുക്തതൊഴിലാളി യൂണിയൻ ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തുന്നത്. റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോവാൻ കഴിയുന്നവിധത്തിൽ താൽക്കാലികമായെങ്കിലും അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം പരിഹരിക്കുന്നതുവരെ ബസ് സർവീസ് നിർത്തി വെക്കാനാണ് തൊഴിലാളികളുടെ തീരുമാനം.