കോതമംഗലം: അധികൃതരുടെ അലംഭാവം മൂലം ചേറങ്ങനാൽ-ആവോലിച്ചാൽ റോഡ് നിർമാണം ഇഴയുന്നു. 24 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കാനാണ് കരാർ ചെയ്തിരിക്കുന്നത്. ഇതിനായി 10 കോടി രൂപ മൂന്നു വർഷം മുന്പ് അനുവദിച്ചിരുന്നു. ആവോലിച്ചാൽ, പുന്നേക്കാട് ഭാഗത്ത് മാത്രമാണ് ടാറിംഗ് നാമമാത്രമായി ചെയ്തിട്ടുള്ളത്. റോഡിന്റെ ഉപരിതലം ഏഴു കിലോമീറ്റർ ബിഎം രീതിയിലും നാലു കിലോമീറ്റർ ബിസിയും ചെയ്തു നിർമാണം നിർത്തിവച്ചു.
അടിമാലി ഇരുന്പുപാലം മുതൽ കക്കടാശേരി വരെ ദേശീയപാതയുടെ 51 കോടിയുടെ കരാർ കരാറുകാരൻ ഏറ്റെടുത്തതാണ് ആവോലിച്ചാൽ റോഡ് നിർമാണം താളംതെറ്റിച്ചതെന്നു നാട്ടുകാർ ആരോപിച്ചു. പരാതി രൂക്ഷമായപ്പോൾ അധികാരികളെ ബോധിപ്പിക്കാനായി എന്തെങ്കിലും അൽപ്പം പണികൾ നടത്തും.
പൊതുമരാമത്ത് ഉന്നതരെയും ജനപ്രതിനിധികളെയും ഭരണ-പ്രതിപക്ഷത്തേയും പ്രീതിപ്പെടുത്തന്നതുകൊണ്ട് പരാതിപ്പെട്ടാലും പ്രയോജനമുണ്ടാകുന്നില്ലെന്നും ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. അസംസ്കൃത വസ്തുക്കൾ കിട്ടാനില്ലെന്നാണ് കരാറുകാരൻ പൊതുമരാമത്തിന് നൽകിയിരിക്കുന്ന വിശദീകരണം. ദേശീയപാതയുടെ പണിക്ക് അസംസ്കൃത വസ്തുക്കൾ നിർലോഭം ലഭിക്കുന്പോഴാണ് കരാറുകാരന്റെ ഇത്തരം മുടന്തൻ വിശദീകരണം കേട്ട് പൊതുമരാമത്ത് മൗനം പാലിക്കുന്നത്.
പണി വൈകിപ്പിച്ച് എസ്റ്റിമേറ്റ് തുക വർധിപ്പിക്കാൻ പൊതുമരാമത്ത് ഉന്നതരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. ജനപ്രതിനിധികളാകട്ടെ പണി ഉടൻ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം ഇടയ്ക്കിടെ നടത്തി തടിതപ്പുകയാണ്. പുന്നേക്കാട്, മാലിപ്പാറ ഭാഗത്ത് റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. വലിയ കുഴികൾ നികത്തിയിട്ട് മാസങ്ങളായി. മാലിപ്പാറ, ചേറങ്ങനാൽ ഭാഗത്തും യാതൊരു നിർമാണവും നടന്നിട്ടില്ല.
തകർന്ന റോഡിലൂടെയുള്ള യാത്ര ദിവസം ചെല്ലുന്തോറും അപകടകരമാവുകയാണ്. ജല അഥോറിറ്റിയുടെ പൈപ്പു പൊട്ടലും കൂടിയായപ്പോൾ റോഡ് കുളമായി. ഈതുമൂലം സ്വകാര്യ ബസുകൾ പലപ്പോഴും ട്രിപ്പു മുടക്കുന്നതിന് നിർബന്ധിരാവുകയാണ്. പ്രശ്നത്തിന് അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.