തിരുവന്പാടി/കോടഞ്ചേരി: രണ്ടു ദിവമസമായി തോരാതെ പെയ്യുന്ന മഴ മലയോരത്തെ ഭീതിയിലാഴ്ത്തുന്നു. ശക്തമായ മഴയിൽ പ്രദേശത്ത് വൻ നാശമാണുണ്ടാക്കിയത്. ആനക്കാംപൊയിലിന് സമീപം എടത്തറ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട വെള്ളരിമലയിൽ ഉൾക്കാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വ്യാപക നാശമുണ്ടായത്. മലവെള്ളപ്പാച്ചിലിൽ മലയോരം മുഴുവൻ വെള്ളത്തിനടിയിലായെങ്കിലും രാവിലെ ആയതോടെ വെള്ളം വലിഞ്ഞു തുടങ്ങിയിട്ടുണ്ട്.
ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൈദ്യുതി ബന്ധം ഭാഗീകമായും പുനസ്ഥാപിച്ചെങ്കിലും പൂർണ തോതിലെത്താൻ സമയമെടുക്കും. മഴയ്ക്ക് ശമനമില്ലാത്തത് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് വലിയ വെല്ലുവിളിയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. മേഖലയിലെ ഭൂരിഭാഗം റോഡുകളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കാറ്റിൽ മരം വീണും വെള്ളം കയറിയതും റോഡിൽ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനക്കാംപൊയിൽ കരിന്പ്-പൂമരത്തിങ്കൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. കണ്ടപ്പൻച്ചാൽ ആർച്ച് പാലം റോഡ് തകർന്ന് ഒലിച്ചു പോയി. കരിന്പ് പ്രദേശത്ത് 40ൽ അധികം വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവിടേക്ക് എത്തിപ്പെടാനുള്ള റോഡിൽ വലിയ കിടങ്ങുകൾ രൂപപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്.
അതിനിടെ ഇരുവഞ്ഞി പുഴയിലെ വെള്ളം ചെറിയ തോതിൽ താഴ്ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഏഴോടെയാണ് പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. വനത്തിനുള്ളില്‍ വൈകിട്ട് നാലരയോടെ ഉരുൾപൊട്ടി. ഇതിനെ തുടര്‍ന്ന് ഇരവഞ്ഞിപ്പുഴയും, കൂരോട്ടുപാറ മുണ്ടൂര്‍ തോടും കരകവിഞ്ഞൊഴുകി. കൂരോട്ടുപാറയില്നിന്ന് ഗാന്ധി റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിനും മുണ്ടൂര്‍ പാലത്തിനും മുകളില്‍ വെള്ളം കയറി.
കണ്ടപ്പൻ ചാലിൽ ചെറിയപാലം മലവെള്ളത്തിൽ തകർന്നതിനെ തുടർന്ന് പ്രദേശത്ത് ജനങ്ങൾ ഒറ്റപ്പെട്ടു. ഇരുവഴിഞ്ഞിപ്പുഴ വെള്ളമുയർന്നതിനെ തുടർന്ന് ഇലന്തു കടവ്-നെല്ലിപ്പൊയിൽ റോഡിൽ മൂന്ന് കിലോമീറ്ററോളം ഭാഗം വെള്ളം കയറി. കരകവിഞ്ഞൊഴുകിയ വെള്ളം കൃഷിയിടങ്ങളിലൂടെ ഒഴുകി മൈനാ വളവിൽ മലയിടിഞ്ഞു. കല്ലും മണ്ണും കൃഷിയിടങ്ങളിലൂടെ ഒഴുകി വൻ നാശനഷ്ടമാണുണ്ടായത്. മൈനാ വളവിൽ ചൂരത്തൊടി ജോബിയുടെ കൃഷിയിടത്തിലാണ് മലയിടിഞ്ഞത്. മേലെ മറിപ്പുഴയൽ ഒരു വീട് മലവെള്ളപ്പാച്ചിൽ തകർന്നു.
നൂറേക്കാട്ട് ഗോപിയുടെ വീടാണ് തകർന്നത് ബ്ലോക്ക് പഞ്ചായത്ത് മെംബർ ആസി സെബാസ്റ്റ്യൻ, ജോൺസൺ പുത്തുർ എന്നിവരുടേത് ഉൾപ്പെടെ നിരവധി വീടുകളിൽ മണ്ണും മലവെള്ളവും ഒഴുകിയെത്തി. മുത്തപ്പൻപുഴ കെടിസി-തേൻപാറ റോഡ് പലയിടത്തും മലവെള്ളപാച്ചിലിൽ തകർന്നു.മുത്തപ്പൻ പുഴ കോളനിക്ക് സമീപം പുഴയിലും തോട്ടിലും വെള്ളമുയർന്നതിനെ തുടർന്ന് കുടുങ്ങി പോയ കുടുംബങ്ങളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വടം കെട്ടിയാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്രയും ഭീകരമായ മലവെള്ളപാച്ചിൽ ഉണ്ടായിട്ടില്ല എന്നാണ് മലയോര മേഖലയിൽ ഉള്ളവർ പറയുന്നത്. ഉരുൾപ്പൊട്ടലിനെ തുടർന്ന് തിരുവന്പാടി, കോടഞ്ചേരി, കാരശേരി, കൂടരഞ്ഞി പഞ്ചായത്തിലെ അങ്കണവാടിൾക്കും ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ യു.വി. ജോസ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
17 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
താമരശേരി: കനത്ത മഴയില്‍ ആനക്കാംപൊയിലിലുണ്ടായ ഉരുള്‍പൊട്ടലിൽ 17 കുടുംബങ്ങളെ മാറ്റിപർപ്പിച്ചു. പുല്ലൂരാംപാറയില്‍ 11 വീട്ടുകാരെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളിലേക്കും ബന്ധുവീടുകളിലേക്കും നൂറാംതോട്ടില്‍ എട്ട് കുടുംബങ്ങളെ എഎംഎല്‍പി സ്കൂളിലേക്കുമാണ് മാറ്റിയത്. പുല്ലൂരംപാറ ഇലന്തുക്കടവ് പാലത്തിന് താഴെ എലന്തുക്കടവ് തുരുത്തിലെ വീട്ടുകാരെയാണ് മുന്‍കരുതലെന്ന നിലയില്‍ മാറ്റിപാര്‍പ്പിച്ചത്. മൂന്ന് വീട്ടുകാരാണ് പുല്ലൂരാംപാറ സ്കൂളിലേക്ക് മാറ്റിയതെന്ന് താമരശേരി തഹസില്‍ദാര്‍ പറഞ്ഞു.
പുല്ലൂരാംപാറയില്‍ കൂമുള്ളി ഷഹര്ബാന്, പുളിക്കത്തടത്തില്‍ തോമാച്ചന്, ചക്കുങ്കല്‍ ജിജി വര്‍ഗീസ്, തയ്യില്‍ ചാക്കോ, പുതുപ്പള്ളി മാത്യു, അഞ്ചുകണ്ടത്തില്‍ അയിഷുമ്മ, മാളിയേക്കല്‍ മോഹനന്, ജോര്‍ജ് മുളക്കല്‍, ചേന്നംകുളത്ത് ജോസഫ്, കൊഴുവേലി ജോര്‍ജ്, താന്നിക്കര നാസര്‍ തുടങ്ങിയ വീട്ടുകാരെയാണ് മാറ്റിയത്. മുത്തപ്പൻ പുഴയിൽ ഒന്‍പത് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.