മങ്കൊന്പ്: കോടികൾ മുടക്കി അറ്റകുറ്റപ്പണി ചെയ്ത റോഡ് ഇളകിത്തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ. മുളയ്ക്കാംതുരുത്തി-വാലടി റോഡാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രണ്ടാഴ്ചയെത്തും മുന്നേ തകർന്നത്. എസ്റ്റിമേറ്റിൽനിന്നും വ്യത്യസ്തമായി പണികളിൽ ക്രമക്കേട് കാട്ടിയതാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. നിർമാണത്തിനുള്ള ടെൻഡർ പൂർത്തിയായതു മുതൽ ആരംഭിച്ച ആക്ഷേപങ്ങൾ ഇപ്പോഴും തുടരുകയാണ്.
നാരകത്രയ്ക്കും വാലടിയ്ക്കുമിടയിലുള്ള പ്രദേശത്താണ് പ്രധാനമായും റോഡ് തകർന്നത്. ചെരിപ്പുകൊണ്ട് ഉരച്ചാൽ പോലും ടാറിംഗ് ഇളകി മാറുകയാണ്. ഇതിനു പുറമെ കഐസ്ആർടിസി ബസ് ബ്രേക്കു ചെയ്തപ്പോൾ റോഡിൽ ചക്രങ്ങൾ നിരങ്ങി നീങ്ങിയ സ്ഥലവും ഇളകി നശിച്ചതായി പറയുന്നു.
ഏറെനാളായി തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ഒന്നരവർഷം മുന്പാണ് 1.80 കോടി അനുവദിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പണികളാരംഭിക്കാതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനിടാക്കിയിരുന്നു.മാധ്യമങ്ങളിൽ വാർത്തകളും വന്നതോടെ കരാറുകാരൻ കുഴിയടച്ച് പരാതിക്കാരുടെ വായടപ്പിക്കുകയായിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ ഒത്താശയോടെ കുഴിയടച്ച ഇനത്തിൽ ലക്ഷങ്ങൾ എഴുതി മാറ്റുകയും ചെയ്തെന്നും ആരോപണമുണ്ട്.
ഒടുവിൽ രണ്ടുമാസം മുന്പ് എസ്റ്റിമേറ്റിനു വിരുദ്ധമായാണ് പണികൾ ആരംഭിച്ചതത്രേ. കുഴിയടയ്ക്കാനായി കരാറുകാരന് ഏറെ പണം ചെലവായെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നേരത്തെ ബിഎം ബിസി (ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോണ്ക്രീറ്റ്) രീതിയിൽ ടാറിംഗ് നടത്താനായിരുന്നു കരാർ. എന്നാൽ പണം തികയില്ലെന്ന കാരണം പറഞ്ഞ് സാധാരണ രീതിയിലുള്ള ടാറിംഗാണ് നടത്തിയത്. എന്നാൽ ഇക്കാര്യത്തിലും ആവശ്യമായ നിലവാരം പുലർത്തിയില്ലെന്നതിനു തെളിവാണ് തകർന്ന റോഡ്.
ഏതാണ്ട് മുക്കാൽ ഭാഗവും പാടശേഖരങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന റോഡ് വർഷംതോറും താഴുന്ന സാഹചര്യമാണുള്ളത്. നേരിയ തോതിൽ ജലനിരപ്പുയർന്നാൽപോലും വെള്ളം കയറുന്ന റോഡ് സാധാരണ നിലവാരത്തിൽ നിർമിച്ചാൽ പോരെന്ന് പൊതുമാരാമത്തിലെ ഉദ്യോഗസ്ഥർ തന്നെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിൻ പ്രാകാരമാണ് ആധുനികരീതിയിലുള്ള ടാറിംഗിന് തീരുമാനിച്ചത്.
എന്നാൽ വെള്ളപ്പൊക്കമോ, ശക്തമായ മഴയോ പോലുമില്ലാതെ റോഡ് തകർന്നതിൽ യാത്രക്കാർക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. അടുത്തകാലത്തെങ്ങും ഇനി അറ്റകുറ്റപ്പണികൾ നടക്കാത്ത സാഹചര്യത്തിൽ എത്രകാലം റോഡ് നിലനിൽക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മുളയ്ക്കാംതുരുത്തി-വാലടി റോഡിനു പുറമെ കഴിഞ്ഞ മാസങ്ങളിൽ കുട്ടനാട്ടിൽ നടന്ന മുഴുവൻ ടാറിംഗ് ജോലികളും അഴിമതി നിറഞ്ഞതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം അറ്റകുറ്റപ്പണികൾ നടന്ന പള്ളിക്കൂട്ടുമ്മ-നീലംപേരൂർ റോഡിന്റെ വിവിധ പ്രദേശങ്ങളും തകർന്നു തുടങ്ങി. കഴിഞ്ഞവർഷം പള്ളിക്കൂട്ടുമ്മ മുതൽ പുന്നക്കുന്നം വരെയുള്ള പ്രദേശങ്ങൾ മാസങ്ങൾക്കുള്ളിൽ തന്നെ പൂർവസ്ഥിതിയിലായിരുന്നു. കോടികൾ മുടക്കിയുള്ള ഇത്തരം റോഡു നിർമാണങ്ങൾക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ മേൽനോട്ടവും പരിശോധനയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.