കൊച്ചി: തകർന്നു തരിപ്പണമായി കിടന്ന പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിന്റെ അറ്റകുറ്റ പണികൾ പുനരാരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് നിർമാണം പുനരാരംഭിച്ചത്. വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിൽ “പണിപാളും’ എന്ന തിരിച്ചറിവിനെത്തുടർന്നാന്ന് അറ്റകുറ്റ പണികൾ പുനരാരംഭിച്ച് എത്രയും വേഗം നിർമാണം പൂർത്തിയാക്കാൻ നീക്കം നടത്തിയതെന്നാണു ലഭിക്കുന്ന വിവരം.
തകർന്ന റോഡുകളുടെ സ്ഥിതി ചർച്ച ചെയ്യുന്നതിനായി പി.ടി. തോമസ് എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി നാളെ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്. മന്ത്രിയെത്തി തകർന്ന റോഡിന്റെ അവസ്ഥ നേരിൽ കണ്ടാൽ “പണിപാളും’ എന്ന് തിരിച്ചറിഞ്ഞാണു ഉദ്യോഗസ്ഥർ വേഗത്തിൽ നടപടികളുമായി മുന്നോട്ട് പോയതെന്നാണു സൂചന.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ നാനാഭാങ്ങളിൽനിന്നും എതിർപ്പുകൾ ഉയർന്നതിനിടെ കഴിഞ്ഞ ദിവസം അറ്റകുറ്റ പണി ആരംഭിച്ചിരുന്നു. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചിലർ നിർമാണം തടഞ്ഞതോടെ കരാരുകാർ പണികളിൽനിന്നും പിൻമാറി.
ഇതോടെ ഇന്നലെ കളക്ടർ ഇടപെടുകയും റോഡിന്റെ അറ്റകുറ്റ പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു കൾശന നിർദേശം നൽകുകയുമായിരുന്നു. പണികൾ പുനരാരംഭിച്ചില്ലെങ്കിൽ കരാറുകാരനെ അറസ്റ്റ് ചെയ്യുമെന്നും എൻജിനീയറെ സസ്പെൻഡ് ചെയ്യുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകിയതായാണു വിവരം.
രാത്രി 12ന് മുന്പ് പണികൾ പുനരാരംഭിക്കണമെന്നായിരുന്നു കളക്ടർ അറിയിച്ചിരുന്നത്. കളക്ടറുടെ അന്ത്യശാസനത്തിൽ വിറങ്ങലിച്ച കരാറുകാരൻ രാത്രിയോടെ പണികൾ പുനരാരംഭിക്കുകയായിരുന്നു. അറ്റകുറ്റ പണികൾ വിലയിരുത്തുന്നതിനായി കളക്ടർ നേരിട്ട് സ്ഥലത്തെത്തുകയും ചെയ്തു.