വടക്കഞ്ചേരി: ദിനംപ്രതി മുപ്പതിനായിരത്തിൽപരം വാഹനങ്ങൾ കടന്നുപോകുന്ന വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ സ്ഥിതിയാണിത്. ഉരുൾപൊട്ടി ഒഴുകിയ കൃഷിയിടങ്ങൾപോലെയാണ് റോഡിന്റെ സ്ഥിതി. ഈ കുഴികളെല്ലാം ചാടിക്കടന്നുവേണം വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ. ഇതിനിടെ ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ വാഹനക്കുരുക്കിലും കിടക്കണം.
കുതിരാൻവഴി യാത്ര ചെയ്യുന്പോൾ അത്യാവശ്യം ഭക്ഷണവും കുടിവെള്ളവുമായാണ് യാത്രപോകുന്നത്. വാഹനക്കുരുക്കിൽപെട്ടാൽ യാത്ര ഉപേക്ഷിച്ച് തിരിച്ചുവരാമെന്ന് കരുതിയാൽ അതും നടക്കില്ല. റോഡിൽതന്നെ കിടന്നു വലയണം. വാഹനത്തിൽ പിഞ്ചുകുട്ടികളോ രോഗികളോ പ്രായമായവരോ ഉണ്ടെങ്കിൽ എന്തുസംഭവിക്കുമെന്ന് പറയാനാകില്ല. നാട്ടിലെ ജനങ്ങളെല്ലാം മന്ത്രിമാരോ വെരി വിഐപികളോ അല്ലാത്തതിനാൽ കുരുക്കിൽ കിടന്ന് കഷ്ടപ്പെടുകയേ നിവൃത്തിയുള്ളൂ.
മന്ത്രിയായിരുന്നെങ്കിൽ കഴിഞ്ഞദിവസം മന്ത്രി എ.കെ.ബാലൻ കുതിരാൻ കടന്നുപോയതുപോലെ ഏതുകുരുക്കാണെങ്കിലും അഞ്ചുമിനിറ്റ് മതി. പോലീസ് ഉദ്യോഗസ്ഥരെല്ലാം മന്ത്രിക്ക് വഴിയൊരുക്കി വിടും. നൂറുക്കണക്കിന് വാഹനങ്ങൾ കുരുക്കിൽപെട്ട് കിടക്കുന്നതിനിടയിലൂടെയാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാൻ പോലീസ് വഴിയൊരുക്കി കൊടുത്തത്.
മറ്റു സംസ്ഥാന മന്ത്രിമാരും മുഖ്യമന്ത്രിയും ഇടയ്ക്കിടെ പാലക്കാട്ടേയ്ക്ക് വരുന്നതും പോകുന്നതും കുതിരാൻ കടന്നാണെങ്കിലും ശീതികരിച്ച് ആഡംബര കാറിനുള്ളിലെ യാത്രയിൽ ജനങ്ങളുടെ കഷ്ടപ്പാട് അവർ അറിയില്ലെന്നു മാത്രം.
ദേശീയപാതയുടെ കാര്യങ്ങൾ നോക്കേണ്ടത് ദേശീയപാത അഥോറിറ്റിയും കേന്ദ്ര സർക്കാരുമാണെന്നൊക്കെ പറഞ്ഞ് സംസ്ഥന സർക്കാർ ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടുന്ന സമീപനം തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി.
സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന ഒരു ദേശീയപാത ഇത്തരത്തിൽ തകർന്നുകിടക്കുന്പോൾ തങ്ങൾക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നു പറഞ്ഞ് സംസ്ഥാന സർക്കാർ മാറിനില്ക്കുന്നതിനെതിരേ ശക്തമായ ജനരോക്ഷമാണ് ഉയരുന്നത്.
ആലത്തൂർ, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ എംപിമാർ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിലും തുടർപ്രവർത്തനങ്ങളും സമ്മർദങ്ങളും ശക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
കുഴികൾ ആനക്കുഴികളായി മാറുന്പോൾ കല്ലും മണ്ണുമിട്ട് കുഴിമൂടുന്ന രീതിയാണ് ഇപ്പോഴും കരാർ കന്പനി തുടരുന്നത്. കുഴിമൂടി മണിക്കൂറുകൾക്കുള്ളിൽ തന്നെ വാഹനങ്ങൾ പോകുന്പോൾ കല്ല് പലവഴിക്കും തെറിച്ച് കുഴികൾ പഴയപടിയാകുകയാണ്. എന്നുതീരും ഈ ദുരിതയാത്രയെന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ഉടൻ തുടങ്ങും, മഴമാറിയാൽ പണി തുടങ്ങുമെന്ന പതിവ് ഉറപ്പുകൾ മാത്രമാണ് കരാർ കന്പനി അധികൃതർ പറയുന്നത്.