തിരുവല്ല: എംസി റോഡിലെ കുഴികളടയ്ക്കാൻ താത്കാലിക ശ്രമം, ഗതാഗതക്കുരുക്കിനു പരിഹാരമായില്ല.എംസി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാൻഡിന് മുന്‍പിലും രാമന്ചിറയിലുമുള്ള പടുകുഴികളടക്കം മെറ്റില് നിരത്തി താത്കാലികമായി പരിഹരിക്കാനാണ് ശ്രമം. എന്നാൽ കുഴികളിലിട്ട മെറ്റല്‍ വാഹനങ്ങള്‍ കയറി റോഡില്‍ നിരന്നത് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറി.
നഗരത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻഡിലേക്കു വന്ന കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞത് വാക്കേറ്റത്തിന് കാരണമായിരുന്നു. നഗരത്തിലെ രണ്ടര കിലോമീറ്റര്‍ ദൂരം കടന്നുകിട്ടാന്‍ മണിക്കൂറുകള്‍ വേണമെന്നതാണ് സ്ഥിതി.
അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ വാഹനത്തിരക്കില്‍ പെട്ടുപോകുന്നത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നു. രണ്ട് മെഡിക്കല്‍ കോളജുകളടക്കം ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഉള്ളതിനാല്‍ മണിക്കൂറില്‍ നിരവധി ആംബുലന്‍സുകളാണ് അത്യാഹിത രോഗികളുമായി എത്തുന്നത്. ജില്ലയിലും പുറത്തും നിന്നുമായി രോഗികള്‍ എത്തുന്നതും തിരുവല്ലയിലാണ്. തകര്‍ന്ന റോഡുകള്‍ക്കു പുറമെ അനധികൃത വാഹന പാര്‍ക്കിംഗ് ആണ് തിരുവല്ലയുടെ ശാപം.
അനധികൃതമായി പാര്‍ക്കു ചെയ്യുന്നവ മുതല്‍ റോഡു കുറുകെ കടക്കുന്ന വാഹനങ്ങള്‍ വരെയാണ് നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത്. കുരിശുകവല മുതല്‍ ദീപ ജംക്ഷന് വരെ ഏതു വാഹനത്തിനും വലത്തേക്കു തിരിഞ്ഞുപോകാന്‍ ഒരു തടസവുമില്ല. ഇങ്ങനെ തിരിയുന്ന വാഹനങ്ങള്‍ എപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. റോഡിനു നടുവില്‍ മീഡിയന് സ്ഥാപിക്കണമെന്ന് ഒട്ടേറെ യോഗങ്ങളില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരു നടപടി ഉണ്ടായിട്ടില്ല.
മൂന്നു മാസംമഴ കൂടി ആയപ്പോള്‍ എല്ലായിടത്തും കുഴികള്‍ നിറഞ്ഞു. ചെറിയ വാഹനങ്ങളുടെ അടിവശം തട്ടുന്ന ഓരോ കുഴിയിലും ഇറങ്ങിക്കയറി പോകുമ്പോഴേക്കും ഏറെ സമയം വേണ്ടിവരും. ഒപ്പം ഗതാഗതകുരുക്കും നീളും. കെഎസ്ടിപി ഏറ്റെടുത്ത റോഡിന്റെ പുനരുദ്ധാരണത്തിനു തീരുമാനമായെങ്കിലും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിട്ടില്ല. റോഡ് സഞ്ചാരയോഗ്യമാകാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടി വരും.
കുരുക്കില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ അധികൃതര്‍ക്ക് നല്‍കിയിരുന്ന സമയം ഇന്ന് തീരാനിരിക്കെയാണ് റോഡുകളില്‍ മെറ്റല്‍ നിരത്താന്‍ തയാറായത്. രാമന്‍ചിറ ഭാഗത്ത് പൂട്ടുകട്ട പാകുന്നതിനു കെഎസ്ടിപിക്ക് അനുമതി ലഭിച്ചതായും ശേഷിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തുമെന്നുമാണ് മന്ത്രി മാത്യു ടി. തോമസിന്റെ വിശദീകരണം.