വെണ്ണിക്കുളം: വാലാങ്കര – വാളക്കുഴി – അയിരൂർ റോഡ് പേരുകൊണ്ട് പ്രസിദ്ധമാണ്. ഇന്നിപ്പോൾ കുഴികളുടെ എണ്ണത്തിലും റിക്കാർഡിട്ടിരിക്കുന്നു. വെണ്ണിക്കുളത്തു നിന്നാരംഭിച്ച് വാളക്കുഴി വഴി തീയാടിക്കൽ വരെയെത്തുന്ന റോഡാണിത്. വർഷത്തിൽ പകുതി സമയവും റോഡു നിറയെ കുഴികളാണ്. തിരുവല്ല – റാന്നി റൂട്ടിലെ പ്രധാന റോഡുകളിലൊന്നാണെങ്കിലും യാതൊരു പരിഗണനയും ഇന്നേവരെ റോഡിനു ലഭിച്ചിട്ടില്ല.
രണ്ടുവർഷം മുന്പ് സംസ്ഥാന ബജറ്റിൽ റോഡിനെ പരിഗണിച്ചിരുന്നു. ബിഎം ബിസി നിലവാരത്തിൽ റോഡ് പുനർനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. 10 മീറ്റർ വീതിയെടുത്ത് റോഡ് പുനർനിർമിക്കാൻ പദ്ധതിയും തയാറായി. എന്നാൽ ഒരുവർഷത്തിലേറെയായി പുനർനിർമാണ കാര്യം അധികൃതരും മറന്ന മട്ടാണ്.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷമുള്ള ആദ്യബജറ്റിലെ പ്രഖ്യാപനമായിരുന്നു വാലാങ്കര – അയിരൂർ റോഡിന്റേത്. അതിൽ ഉൾപ്പെട്ട മറ്റു റോഡുകളുടെ പണികൾ ആരംഭിച്ചിട്ടുണ്ട്. റാന്നി നിയോജകമണ്ഡല പരിധിയിലായതിനാൽ രാജു ഏബ്രഹാം എംഎൽഎ മുൻകൈയടുത്താണ് റോഡിനെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയത്. എംഎൽഎ തന്നെ ജനകീയ സമിതികളുണ്ടാക്കി റോഡ് നിർമാണത്തിനാവശ്യമായ പിന്തുണ തേടി.
വീതി കുറവുള്ള സ്ഥലങ്ങളിൽ 10 മീറ്റർ വീതി സംഘടിപ്പിക്കാനും റോഡ് കരാർ ചെയ്യാനുമൊക്കെ നടപടിയായതായി പല തവണ അറിയിപ്പ് വന്നു. എന്നാൽ ഇന്നിപ്പോൾ റോഡിന്റെ തകർച്ച കാരണം വാഹനഗതാഗതം നിർത്തിവയ്ക്കേണ്ടിവരുന്നു.തിരുവല്ല – റാന്നി റൂട്ടിൽ കെഎസ്ആർടിസി ബസുകളടക്കം ഒരു ഡസനോളം ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. മുതുപാല, വാളക്കുഴി, ചുഴന, കുരിശുമുട്ടം പ്രദേശങ്ങളിലൂടെ തീയാടിക്കൽ വരെയെത്തുന്ന റോഡിനു പ്രാധാന്യം ഏറെയുണ്ട്.
എഴുമറ്റൂർ, വെള്ളയിൽ അനുബന്ധ റോഡുകളിലൂടെയുള്ള ബസുകളും വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. യാത്രാ പ്രാധാന്യം കണക്കിലെടുത്ത് റോഡ് മെച്ചപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രഖ്യാപനങ്ങളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്പോഴും പൂർത്തിയാകാത്ത പദ്ധതി റോഡിലെ കുഴി അടയ്ക്കൽ പ്രക്രിയകളെയും തകിടം മറിച്ചിരിക്കുകയാണ്. ഇരുചക്രവാഹനയാത്രികരടക്കമുള്ളവരാണ് റോഡിന്റെ തകർച്ചയിൽ ഏറെ ബുദ്ധിമുട്ടുന്നത്.