മുളങ്കുന്നത്തുകാവ്: ആശുപത്രിയിലേക്കുള്ള പോക്കുതന്നെ വേദനകൊണ്ട് പുളഞ്ഞാണ്. കുത്തിയും കുലുങ്ങിയുമുള്ള ദുരിതയാത്രയ്ക്കുശേഷം വേണം ആശുപത്രിയുടെ പടികയറാൻ. 27ന് ഗവ. മെഡിക്കൽകോളജ് ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രി ഈ വഴി തന്നെ വരണം. ഇതുവരെയും തൃശൂർ ഗവ. മെഡിക്കൽകോളജും ആശുപത്രിയും സന്ദർശിക്കാത്ത ആരോഗ്യമന്ത്രിയും വരണം, കാണണം…ദുരിതപർവം താണ്ടുന്ന പാവങ്ങളുടെ വേദനകൾ.
കോടികൾ ചെലവഴിച്ച് ആശുപത്രി കെട്ടിടങ്ങളുടെ പുറംമോടി കൂട്ടുന്നത വികസനകാര്യങ്ങളിൽ മാത്രമാണ് അധികൃതരുടെ ശ്രദ്ധ.
ആശുപത്രിയിലേക്ക് എത്തിപ്പെടാൻ കഴിയുന്ന സഞ്ചാരയോഗ്യമായ റോഡുകൾക്ക് ഇനിയും വഴിവെട്ടിയിട്ടില്ല. റോഡിന്റെ ശോചനീയവസഥ കണ്ട് മുൻ സർക്കാർ കാന്പസിലെ 20 ഓളം വരുന്ന റോഡുകൾ നവീകരിക്കാൻ ഒന്പതുകോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെ ഈ തുക ചെലവഴിച്ചിട്ടില്ല.
താറുമാറായ റോഡുകളിൽ വെള്ളംകെട്ടി കിടക്കുകയാണ്. ഈ കുഴികളിൽ വീണ് അപകടങ്ങളും പതിവാണ്. റോഡിന് അനുവദിച്ച തുക വക മാറ്റി ചെലവഴിക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും നേരത്തെ കോടികൾ ചെലവഴിക്കുന്പോൾ അതിൽനിന്നും കിട്ടേണ്ട കമ്മീഷനെ കുറിച്ചുള്ള തർക്കമാണ് റോഡ് പണികൾ നീണ്ടുപോകാൻ കാരണമായതെന്നും ആരോപണമുണ്ട്.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ എല്ലം ശരിയാക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു വികസനപ്രവർത്തനങ്ങളും ഉണ്ടായിട്ടില്ല. മുൻ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് വർഷങ്ങൾക്കുശേഷം നടക്കുന്നത്. കാത്ത്ലാബിന്റെയും ട്രോമ കെയറിന്റെയും ഗുണം ജനങ്ങൾക്ക് കിട്ടാൻ ഇത്രയും കാലതാമസം ഉണ്ടായത് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണ്. ഈ ദുരിതങ്ങളെല്ലാം നേരിട്ടുകാണാനെങ്കിലും ഇതുവഴി വരണം…