കൊല്ലം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വീണെങ്കിലും മാതാവിന്റെ കരുതലിൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തങ്കശേരി സർപ്പക്കുഴി ടിസിആർഎ 205 ൽ വാടകക്ക് താമസിക്കുന്ന ഇഗ്നേഷ്യസിൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നു വീണത്. ഞായറാഴ്ച പുലർച്ചെ ആറോടെയായിരുന്നു സംഭവം. ഇഗ്നേഷ്യസിന്റെ ഭാര്യ സോഫിയ, മകൾ ഷാരൻ (14)എന്നിവർക്കാണ് പരിക്കേറ്റത്. മറ്റോരു മകൾ സാൻട്ര (ആറ്) പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സോഫിയയും സാൻട്രിയും ഒരു മുറിയിലും ഷാരൻ മറ്റൊരു മുറിയിലുമായിരുന്നു കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ ശബ്ദം കേൾക്കുകയും പെട്ടെന്ന് ഓട് മേഞ്ഞ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അടുത്ത് കിടന്ന മകൾ സാൻട്രയുടെ ശരീരത്തിൽ തടികളും ഓടും വീഴാതിരിക്കാൻ മകളുടെ ശരീരത്തിന് മുകളിലായി മാതാവ് ഉയർന്ന് കിടന്നതിനാൽ മകൾ പരിക്കേൽക്കാതെ രക്ഷപെട്ടു.
തടി കഷ്ണവും ഓടും വീണാണ് സോഫിയയ്ക്ക് പരിക്കേറ്റത്. ഷാരന് തലക്കാണ് പരിക്ക്. മൂവരെയും നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പോർട്ടിലെ ജീവനക്കാരനായ സോഫിയയുടെ ഭർത്താവ് പുലർച്ചെ ജോലിക്കായി പോയ ശേഷമാണ് വീടിന്റെ മേൽക്കൂര തകർന്ന് വീണത്.