ഇരിങ്ങാലക്കുട: വെള്ളക്കെട്ടിൽ തകർന്ന റോഡ് യാത്രക്കാർക്ക് ദുരിതമേകുന്പോഴും അറ്റുകുറ്റപണിയുടെ പേരിൽ നഗരസഭയും പൊതുമരാമത്തുവകുപ്പും തമ്മിൽ ഇപ്പോഴും തർക്കത്തിലാണ്. ഏറെ തിരക്കുള്ള എകെപി ബസ് സ്റ്റാൻഡ് റോഡിൽ സണ്ണി സിൽക്സിനും നവരത്ന സൂപ്പർമാർക്കറ്റിനും മുന്നിലാണു വെള്ളം കെട്ടിനിന്ന് തകർന്നു കുഴിയായി മാറിയിരിക്കു ന്നത് .
വർഷങ്ങൾക്കുമുന്പ് മെക്കാഡം ടാറിട്ട റോഡാണിത്. കുഴിയിൽവീണ് ഇരുചക്രവാഹനങ്ങളടക്കമുള്ളവ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ റോഡിലെ ദുരവസ്ഥ പരിഹരിക്കാൻ നഗരസഭയോ പൊതുമരാമത്തുവകുപ്പോ ഇതുവരെയും തയാറായിട്ടില്ല.
റോഡ് പൊതുമരാമത്തുവകുപ്പിന്റേതാണെന്നും അവരാണു അറ്റകുറ്റപണികൾ നടത്തേണ്ടതെന്നും നഗരസഭ പറയുന്നു. എന്നാൽ റോഡ് തങ്ങളുടേതല്ലെന്നും നഗരസഭയുടേതാണെന്നും പൊതുമരാമത്തുവകുപ്പും വാദിക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങൾ കയറിയിറങ്ങി റോഡിന്റെ തകർച്ച കൂടുകയാണ്.
ഇരുവശത്തുമുള്ള സ്ഥാപനങ്ങൾ കാന ഉയർത്തിക്കെട്ടിയതുമൂലം വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതാണ് റോഡിന്റെ തകർച്ചയ്ക്കു കാരണമെന്നു യാത്രക്കാർ ആരോപിക്കുന്നു.